സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ
സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനായി എന്‍.ഐ.എ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എൻഐഎ കോടതി ഉത്തരവ് ഇന്‍റര്‍പോളിന് കൈമാറും. സരിത്തിനെ കസ്റ്റഡിയിൽ വേണമെന്നും എൻഐഎ അറിയിച്ചു.
ഫൈസൽ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ. കോൺസുലേറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥനില്‍ നിന്നാണ് ഫൈസലിന്‍റെ മേൽവിലാസം ലഭിച്ചതെന്നും എന്‍ഐഎ. നയതന്ത്ര ബാഗേജ് വഴി സ്വർണം അയച്ചത് തൃശൂർ കയ്പമംഗലം സ്വദേശി ഫൈസലിന്‍റെ മേൽവിലാസത്തിലാണ്. സ്വർണം അയക്കാനുപയോഗിച്ച ഐഡി നമ്പറും കോൺസുലേറ്റ് എന്‍ഐഎക്ക് കൈമാറി. കസ്റ്റംസിന്‍റെ പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് എറണാകുളം സ്വദേശിയെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയതെന്നും എന്‍ഐഎ. ഇക്കാര്യങ്ങൾ എന്‍ഐഎ കോടതിയെ അറിയിച്ചു.
ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് കൈമാറാനുള്ള നീക്കത്തിലാണ് എൻഐഎ. ഫൈസല്‍ ഫരീദിനായി എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കും. എന്‍ഐഎ ഇന്‍റർപോളിലേക്ക് ബ്ലൂ നോട്ടീസ് അയയ്ക്കും. ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുക വഴി കേസില്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടുകയാണ് എന്‍.ഐ.എ. ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ ആവശ്യപ്പെട്ടാണ് ഇന്‍റര്‍പോളിന് എന്‍ഐഎ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്. കുറ്റവാളിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടീസ്. കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദ്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണക്കടത്ത് കേസുകള്‍ കൂടി എന്‍ഐഎ ഏറ്റെടുക്കും.
എൻഐഎയുടെ എഫ്‌ഐആറിൽ ഫൈസലിന്‍റെ പേര് ഫാസിൽ ഫരീദ്, എറണാകുളം എന്നായിരുന്നു. പ്രതിയുടെ എന്ന പേരില്‍ ഒരു ഫോട്ടോയും പ്രചരിച്ചിരുന്നു. തുടര്‍ന്ന് പ്രചരിച്ച ഫോട്ടോയിലുള്ള വ്യക്തി, തന്‍റെ പേര് ഫൈസല്‍ ഫരീദ് എന്നാണെന്നും, സ്വദേശം കൊച്ചിയല്ല, തൃശൂര്‍ ആണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. തനിക്ക് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും അറിയില്ലെന്നും പറഞ്ഞു. തുടര്‍ന്നാണ് പ്രതിയുടെ പേരും മേൽവിലാസവും പുതുക്കാൻ കോടതിയുടെ അനുമതി തേടിയത്. തൃശൂർ, കൈപ്പമംഗലം, പുത്തൻപള്ളി, തൈപ്പറമ്പിൽ ഫൈസൽ ഫരീദ് എന്നാണ് ശരിയായ വിലാസം എന്നാണ് ഇപ്പോള്‍ എന്‍.ഐ.എ പറയുന്നത്. മാധ്യമങ്ങൾക്ക് മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ചയാളുടെ പേര് ഫൈസൽ ഫരീദ് എന്നാണെങ്കിലും ഇയാൾ തൃശൂർ മൂന്നു പീടിക സ്വദേശിയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതിപ്പട്ടികയിൽ എൻ.ഐ.എ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയ പേരാണ് ഫൈസൽ ഫരീദിന്‍റേത്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടണമെങ്കില്‍ ഇന്‍റർപോളിന്‍റെ ബ്ലൂ നോട്ടീസ് വേണം. അതിനാലാണ് ഇപ്പോള്‍ ഫൈസല്‍ ഫരീദിനായി ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍.ഐ.എ ഒരുങ്ങിയിരിക്കുന്നത്.
ഇതിനിടെ ഇപ്പോൾ കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നൽകി. നാലാം പ്രതി സന്ദീപിനെ കസ്റ്റഡിയിലെടുത്തപ്പോൾ പിടിച്ചെടുത്ത ബാഗ് പരിശോധിക്കണമെന്നാവശ്യപ്പെട്ട എന്‍ഐഎ നൽകിയ അപേക്ഷ കോടതി നാളെ പരിഗണിക്കും. സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യൽ എന്‍ഐഎ തുടരുകയാണ്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരും കൊച്ചി എന്‍ഐഎ ഓഫീസിലെത്തി.