അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു
സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയും അന്വേഷിക്കും. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു.
എന്‍.ഐ.എക്ക് ശരിയായ അന്വേഷണം നടത്തുന്നതിന് അധികാരമുണ്ട്. അന്വേഷണത്തില്‍ എല്ലാ വന്‍ സ്രാവുകളും കുടുങ്ങട്ടെ. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കെത്തുന്നുണ്ടെങ്കില്‍ എത്തട്ടെ. അതില്‍ ഒരു പേടിയുമില്ല. ചിലര്‍ക്ക് വലിയ നെഞ്ചിടിപ്പുണ്ട്. അന്വേഷണം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി അന്വേഷണത്തെ ഉപയോഗിക്കും എന്ന മുന്‍വിധിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദ വനിതയുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വന്ന് കുറ്റക്കാരെ കണ്ടെത്തിയാല്‍ തീര്‍ച്ചയായും നടപടിയുണ്ടാകും. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിനെ കണ്‍സള്‍ട്ടന്‍സിയില്‍നിന്ന് ഒഴിവാക്കുന്ന കാര്യവും പരിശോധിച്ച് തീരുമാനിക്കും.
സ്വപ്ന സുരേഷ് കേരളം വിട്ടതിനെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. ലോക്ഡൗണിന് രണ്ടു ദിവസം മുന്‍പുതന്നെ സ്വപ്ന ഫ്ളാറ്റ് വിട്ടു പോയതായി സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പോകാന്‍ ഇവിടത്തെ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. ലോക്ഡൗണ്‍ ഇളവ് വരുത്തിക്കൊണ്ട് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് അതിര്‍ത്തി മേഖലയിലെ പരിശോധന ഒഴിവായത്. കര്‍ണാടകയിലേയ്ക്ക് പോകുന്നതിന് അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നുള്ള കാര്യം അവരോട് ചോദിച്ചാലേ അറിയാന്‍കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി നിയമനത്തില്‍ വീഴ്ചകളുണ്ടോ എന്ന് അറിയട്ടേ. അല്ലാതെ ഓരോരുത്തരുടെയും സങ്കല്‍പ്പത്തിന്റെ പേരില്‍ നടപടിയെടുക്കാനാകില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് വിവാദ വനിതയുമായി ബന്ധപ്പെട്ടു എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ മാറ്റി. യുഡിഎഫ് ആയിരുന്നെങ്കില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സ്വപ്നയെ ഐടി വകുപ്പിൽ നിയമിക്കാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻഐഎ അന്വേഷണത്തോട് സംസ്ഥാന സർക്കാർ പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനപ്പുറം ഏതെങ്കിലുമൊരു കാര്യം സര്‍ക്കാരിന്റെ മുന്നിലില്ല. സാധാരണ രീതിയില്‍ ഇത്തരമൊരു വനിതയുമായി ശിവശങ്കരന് ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. ശിവശങ്കരനെതിരെ തെളിവുണ്ടെങ്കില്‍ സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.