ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന് തന്നെ പറയുന്നത്.
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും തമ്മിലെ തര്‍ക്കം പരിഹരിക്കാനാവാതെ തുടരുകയാണ്. സച്ചിന് ബി.ജെ.പിയിലേക്ക് പോകും എന്ന തരത്തിലായിരുന്നു ഇന്നലെ മുതല്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന് പൈലറ്റ് പറയുന്നു. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എബിപി ന്യൂസും ഇതേകാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന് തന്നെ പറയുന്നത്.
സച്ചിന് പൈലറ്റ് ഡല്‍ഹിയില്‍ തന്നെ തങ്ങുന്നതായാണ് വിവരം. ബി.ജെ.പിയിലേക്കില്ലെന്ന് വ്യക്തമാക്കിയതിനാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാവും സച്ചിന് ഇനി ശ്രമിക്കുക. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎൽഎമാരും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായിരിക്കുകയാണ്. സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ കോൺഗ്രസും സർക്കാരിനെ താഴെ ഇറക്കാൻ ബിജെപിയും തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണെന്നാണ് വിവരം.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. തനിക്കൊപ്പം 30 കോൺഗ്രസ് എംഎൽഎമാരും ഏതാനും സ്വതന്ത്ര എംഎൽഎമാരും ഉണ്ടെന്നാണ് സച്ചിന് പൈലറ്റ് അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ വിളിച്ചു ചേർത്ത പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന എംഎൽഎമാരുടെ യോഗത്തിലും താനും ഒപ്പമുള്ള എംഎൽഎമാരും പങ്കെടുക്കില്ലെന്നാണ് നിലപാട്.