കോവിഡ് വാക്സിൻ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ച ഐ.സി.എം.ആറിൻ്റെ നടപടിക്കെതിരെ ആരോഗ്യ-രാഷ്ട്രീയ മേഖലയിൽ നിന്ന് പരക്കെ വിമർശനം
കോവിഡ് വാക്സിൻ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ച ഐ.സി.എം.ആറിൻ്റെ നടപടിക്കെതിരെ ആരോഗ്യ-രാഷ്ട്രീയ മേഖലയിൽ നിന്ന് പരക്കെ വിമർശനം. വാക്സിൻ പരീക്ഷണം ശാസ്ത്രീയമല്ല എന്നാണ് പ്രധാന വിമർശനം. ധൃതിപിടിച്ച് വാക്സിൻ പരീക്ഷിക്കാനുള്ള തീരുമാനം യാഥാർത്ഥ്യബോധം ഇല്ലാത്തതാണെന്ന് എയിംസ് ഡയറക്ടർ ഡോ. രൺജിത് ഗുലേറിയ പറഞ്ഞു. കോവിഡിനെ നേരിടാനുള്ള ദേശിയ ടാസ്ക് ഫോഴ്സ് അംഗം കൂടിയാണ് ഗുലേറിയ. വാക്സിൻ പരീക്ഷണം വേഗത്തിലാക്കാനാണ് ഐ.സി.എം.ആര് ഉദ്ദേശിക്കുന്നതെന്ന് ഗുലേറിയ പറഞ്ഞു.
എന്നാല് വാക്സിൻ പരീക്ഷണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപനം നടത്താൻ വേണ്ടി മാത്രമാണ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട ഐ.സി.എം.ആര് ഉത്തരവെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സർക്കാർ ഉത്തരവ് അനുസരിച്ചല്ല ശാസ്ത്രീയ പരീക്ഷണങ്ങൾ നട ക്കേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കോണ്ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും സമാന ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.
അതേസമയം ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വാക്സിന് വേണ്ടി പരീക്ഷണങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. പ്രാഥമിക പരിശോധനക്ക് ശേഷം രണ്ടാഴ്ചക്കുള്ളിൽ മരുന്ന് പരീക്ഷണത്തിന് തയ്യാറെടുക്കാമെന്നാണ് ലോകാരോഗ്യ സംഘടന കരുതുന്നത്. ഐ.സി.എം.ആര്, ഇന്ത്യൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കോവാക്സിൻ പരീക്ഷിക്കുന്നത്.