മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയടച്ച് പോക്കറ്റ് കാലിയാവും എന്ന് മാത്രം പേടിച്ചാൽ പോര
യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കനത്തപിഴ മാത്രമല്ല, നിയമലംഘകരുടെ ഫോട്ടോയും പ്രസിദ്ധീകരിക്കും. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് നിയലംഘകരുടെ ചിത്രങ്ങൾ വെളിപ്പെടുത്തുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
യു.എ.ഇയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയടച്ച് പോക്കറ്റ് കാലിയാവും എന്ന് മാത്രം പേടിച്ചാൽ പോര. നിയമലംഘകരുടെ കൂടുത്തിൽ സ്വന്തം ചിത്രവും കണ്ട് നാണം കെടേണ്ടി വരും. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി കർശനമാക്കുന്നതിന്‍റെ ഭാഗമായാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ ഈ കടുത്ത നടപടിയുമായി രംഗത്തുവന്നിരിക്കുന്നത്.
പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് പിടിയിലായി മൂവായിരം ദിർഹം പിഴയടച്ചവരുടെയും നിയന്ത്രണം ലംഘിച്ച് ഒത്തുചേരൽ സംഘടിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്തതിന് പതിനായിരം ദിർഹം മുതൽ അയ്യായിരം ദിർഹം വരെ പിഴ അടച്ചവരുടെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യാത്രവിലക്ക് ലംഘിച്ച് ഒരു എമിറേറ്റിൽ നിന്ന് മറ്റൊരു എമിറേറ്റിലേക്ക് യാത്ര ചെയ്ത് രണ്ടായിരം ദിർഹം പിഴ ലഭിച്ചവരെയും കൂട്ടത്തില്‍ കാണാം.
അതുകൊണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. നിയമങ്ങൾ പാലിച്ചാൽ യു.എ.ഇയിൽ ധനനഷ്ടം ഒഴിവാക്കാം. ഒപ്പം മാനഹാനിയും.