Kerala

മഹേശന്‍റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കത്തിലെ ആരോപണങ്ങളിലെ വസ്തുത പരിശോധിക്കാനാണ് മൊഴിയെടുക്കൽ.

എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് മാരാരിക്കുളം പൊലീസ് മൊഴിയെടുക്കുക. മഹേശൻ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തിലെ ആരോപണങ്ങൾ അന്വേഷണസംഘം ചോദിച്ചറിയും.

വെള്ളാപ്പള്ളി നടേശന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്താനായിരുന്നു പൊലീസിന്‍റെ തീരുമാനം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഇന്നത്തേയ്ക്കു മാറ്റുകയായിരുന്നു. വൈകിട്ട് നാലുമണിയ്ക്ക് കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി മാരാരിക്കുളം പൊലീസ് മൊഴിയെടുക്കും. വെള്ളാപ്പള്ളിയുടെ സഹായി കെ.എൽ അശോകന്‍റെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് എടുത്തിരുന്നു. മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് അശോകൻ പൊലീസിനോട് പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍റെയും അശോകന്‍റെയും പേര് പരാമർശിക്കുന്ന മഹേശന്‍റെ ആതമഹത്യാക്കുറിപ്പ് പുറത്ത് വന്നതിനു പിന്നാലെയാണ് ഇരുവരുടെയും മൊഴിയെടുക്കൽ നടപടികളിലേക്ക് പൊലീസ് കടന്നത്.

മഹേശന്‍റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവിൽ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസെടുത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തണമെന്നാണ് മഹേശന്‍റെ കുടുംബത്തിന്‍റെ ആവശ്യം.