4ജി മാറ്റത്തിനായുള്ള ഹുവേയ്, ഇസഡ് ടി ഇ എന്നീ കമ്പനികളുമായുള്ള കരാർ ആണ് വേണ്ടെന്ന് വെച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവർ ചൈനീസ് കമ്പനികളുമായുള്ള കരാറിൽ നിന്ന് പിന്മാറി. 4ജി മാറ്റത്തിനു വേണ്ടി ഹുവേയ്, ഇസഡ് ടി ഇ എന്നീ കമ്പനികളുമായുള്ള കരാർ ആണ് വേണ്ടെന്ന് വെച്ചത്. ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യയിലെ ചൈനീസ് നിക്ഷേപം വേണ്ടെന്ന് വെക്കാൻ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ രംഗത്ത് വരികയാണ്.
ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവ 3ജിയിൽ നിന്ന് 4ജിയിലേക്കുള്ള മാറ്റത്തിന് പ്രധാന കരാർ ലഭിച്ചത് രണ്ട് ചൈനീസ് കമ്പനികൾക്കായിരുന്നു. 4ജി മാറ്റത്തിനുള്ള ടെലികോം ഉപകരണങ്ങളിൽ 75 ശതമാനവും ഹുവേയ്, ഇസഡ് ടി ഇ എന്നീ കമ്പനികൾ നൽകുമെന്നായിരുന്നു കരാർ. ഏതാണ്ട് 7000 മുതൽ 8000 കോടി രൂപയുടെ ഈ കരാർ പൊതുമേഖലാ സ്ഥാപനങ്ങൾ വേണ്ടെന്നുവെച്ചു. പകരം തദ്ദേശീയരായ കമ്പനികൾക്ക് കരാർ നൽകും. രണ്ടാഴ്ചക്കുള്ളിൽ ഇതിനായി പുതിയ കരാർ വിളിക്കാനാണ് തീരുമാനം.
ഇന്ത്യ – ചൈന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് ചൈനീസ് കമ്പനികളുമായുള്ള കരാറിൽ നിന്ന് പിന്മാറാൻ പൊതുമേഖലാ സ്ഥാപനങ്ങൾ തീരുമാനിച്ചത്. സമാനമായി രാജ്യത്ത് 5ജി ടെക്നോളജി കൊണ്ട് വരുന്നതിന്‍റെ ഭാഗമായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഹുവേയ്ക്ക് നൽകിയ കരാറും പിൻവലിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാർ.