Cricket Sports

“മൂന്നാമനായിറങ്ങാന്‍ നിര്‍ദേശിച്ചത് ചാപ്പലല്ല, സച്ചിന്‍” ഇര്‍ഫാന്‍ പത്താന്‍

‘എന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. ഇന്ത്യക്കാരനല്ലാത്തതുകൊണ്ട് ചാപ്പലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ്

തന്നെ വണ്‍ഡൗണായി ബാറ്റിംഗിന് ഇറക്കണമെന്ന് നിര്‍ദേശിച്ചത് ചാപ്പലല്ല സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് ഇര്‍ഫാന്‍ പത്താന്‍. പേസ് ബൗളറായി ഇന്ത്യന്‍ ടീമിലെത്തിയ ഇര്‍ഫാന്‍ പത്താന്‍ ബാറ്റിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബൗളിംഗിലെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇര്‍ഫാന്‍ പത്താന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന വിമര്‍ശങ്ങള്‍ തള്ളിക്കളയുന്നതാണ് പത്താന്റെ പ്രതികരണം. റോണക് കപൂറിന്റെ ബിയോണ്ട് ദ ഫീല്‍ഡ് ചാനലില്‍ സംസാരിക്കവേയാണ് ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

27ാം വയസില്‍ അവസാനമത്സരം കളിക്കേണ്ടി വന്ന പത്താന്‍ ഈവര്‍ഷം ആദ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അവസാനം കളിച്ച ഏകദിന മത്സരത്തില്‍ മാന്‍ ഓഫ് ദമാച്ചായിട്ട് പോലും ടീമിലേക്ക് തിരിച്ചുവരാന്‍ ഇര്‍ഫാന്‍ പത്താന് അവസരം നല്‍കാതിരുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം വിവാദമായിരുന്നു. ഇതിനിടെയാണ് പത്താന്റെ കരിയര്‍ നശിപ്പിച്ചത് 2005-2007 കാലത്ത് ഇന്ത്യയുടെ പരിശീലകനായിരുന്ന ഗ്രഗ് ചാപ്പലാണെന്ന വിമര്‍ശനം ഉയര്‍ന്നത്.

2005ല്‍ ശ്രീലങ്കക്കെതിരായാണ് പത്താന്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ 70 പന്തില്‍ 83 റണ്‍സെടുത്ത പത്താന്റെ മികവില്‍ ഇന്ത്യ 6ന് 350 എന്ന കൂറ്റന്‍സ്‌കോര്‍ നേടുകയും ലങ്കയെ 152 റണ്‍സിന് തോല്‍പിക്കുകയും ചെയ്തിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡിന് മുന്നില്‍ ഈ നിര്‍ദേശം വെക്കുന്നത് സച്ചിനാണെന്നാണ് പത്താന്റെ വെളിപ്പെടുത്തല്‍.

"മൂന്നാമനായിറങ്ങാന്‍ നിര്‍ദേശിച്ചത് ചാപ്പലല്ല, സച്ചിന്‍" ഇര്‍ഫാന്‍ പത്താന്‍

പത്താനെ മൂന്നാമനായി ഇറക്കാന്‍ വ്യക്തമായ കാരണങ്ങളും സച്ചിന്‍ നിരത്തിയിരുന്നു. പേസര്‍മാരെ നന്നായി കളിക്കുന്ന ഇര്‍ഫാന്‍ പത്താന് സിക്‌സറടിക്കാനും ശേഷിയുണ്ട്. മികച്ച ഫോമിലുള്ള മുരളീധരനെ ആക്രമിക്കുകയെന്നതും ലക്ഷ്യമായിരുന്നുവെന്നും പത്താന്‍ പറയുന്നു.

59 ഏകദിനങ്ങളില്‍ നിന്നും 100 വിക്കറ്റെടുത്ത ബൗളറാണ് ഇര്‍ഫാന്‍ പത്താന്‍. എന്നാല്‍ ബാറ്റിംഗിലേക്ക് കൂടി ശ്രദ്ധ തിരിഞ്ഞതോടെ പിന്നീട് കളിച്ച 61 ഏകദിനങ്ങളില്‍ നിന്നും 73 വിക്കറ്റ് മാത്രമേ അദ്ദേഹത്തിന് വീഴ്ത്താനായുള്ളൂ. ഓപണിംഗ് പേസ് ബൗളര്‍ എന്ന നിലയില്‍ നിന്നും ആദ്യ ബൗളിംഗ് മാറ്റമായെത്തുന്ന ഓള്‍റൗണ്ടര്‍ എന്ന നിലയിലേക്കുള്ള മാറ്റവും തന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിട്ടുണ്ട്. അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാകാന്‍ തനിക്ക് കഴിയുമായിരുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിട്ടുണ്ട്.