India

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷ സേനയുടെ ഭീകരവിരുദ്ധ നടപടിയിൽ രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ 16 മണിക്കൂറായി പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെ അനന്തനാഗിലെ ദേശീയപാതയിൽ സുരക്ഷയിൽ ഉണ്ടായിരുന്ന സിആർപിഎഫ് സംഘത്തെ ഭീകരർ അക്രമിച്ചു. ഒരു സിആർപിഎഫ് ജവാന് പരുക്കേറ്റു.

കഴിഞ്ഞ ഏതാനും മാസങ്ങളായി കശ്മീരിൽ ഭീകരവിരുദ്ധ നടപടി സുരക്ഷസേന ശക്തമാക്കിയിരുന്നു. പുൽവാമ അവന്തിപോരിലാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ നടപടി ആരംഭിച്ചത്. സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മേഖലയിൽ തെരച്ചിൽ ആരംഭിച്ചത്. പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിവെച്ചതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു.

രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. തെരച്ചിലിനിടെ അവന്തിപോരയിലെ ഭീകരരുടെ താവളം സുരക്ഷ സേന കണ്ടെത്തിയിരുന്നു. ഷോപ്പിയാൻ , അനന്തനാഗിലെ വനമേഖല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഈ വർഷം വിവിധ ഏറ്റുമുട്ടലുകളിലായി കശ്മീരിൽ 100ൽ കൂടുതൽ ഭീകരരെയാണ് സുരക്ഷ സേന വധിച്ചത്.