കേന്ദ്ര സർക്കാരുമായി ചർച്ച തുടരുന്നുവെന്ന് വ്യക്തമാക്കുമ്പോഴും പ്രശ്ന പരിഹാരം എന്തെന്ന് സംസ്ഥാന സർക്കാർ പറയുന്നില്ല.
ട്രൂനാറ്റ് പരിശോധനയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ അവ്യക്തത തുടരുന്നു. കേന്ദ്ര സർക്കാരുമായി ചർച്ച തുടരുന്നുവെന്ന് വ്യക്തമാക്കുമ്പോഴും പ്രശ്ന പരിഹാരം എന്തെന്ന് സംസ്ഥാന സർക്കാർ പറയുന്നില്ല. സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള ഇളവ് ഇന്ന് അവസാനിക്കുന്നതോടെ തുടർ നടപടികൾ സംബന്ധിച്ച് പ്രവാസ ലോകത്തും ആശങ്കയുണ്ട്.
ട്രൂനാറ്റ് പരിശോധന പ്രായോഗികമല്ലെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കിയെങ്കിലും നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മിക്ക രാജ്യങ്ങളിലും അവിടുത്തെ സര്‍ക്കാര്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടുമില്ല. ഇതോടെ തുടർ നടപടി എന്ത് എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് പോലും അവ്യക്തതയാണ്.
കേന്ദ്ര സർക്കാരുമായി ചർച്ച നടക്കുന്നുണ്ടെന്ന് പറയുമ്പോഴും സർട്ടിഫിക്കറ്റിന് നൽകിയ ഇളവ് ഇന്ന് അവസാനിക്കുമ്പോൾ നാളെ മുതൽ വരുന്ന പ്രവാസികൾക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാണോ എന്ന കാര്യത്തിലും സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. മാത്രമല്ല വരുന്ന പ്രവാസികളുടെ സുരക്ഷയിൽ വിട്ട് വീഴ്ച വരുത്താന്‍ കഴിയില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
“യാത്രയ്ക്കിടയില്‍ രോഗപകര്‍ച്ച ഉണ്ടാകാന്‍ പാടില്ല. ഈ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രയാസമില്ലാത്ത രീതിയില്‍ എന്തു ചെയ്യാനാകും എന്ന് കേന്ദ്ര ഗവണ്‍മെന്‍റുമായി ആലോചിക്കുകയാണ്. ഇക്കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ”- മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ.
പരിശോധനയ്ക്ക് അതാത് രാജ്യങ്ങളുടെ അനുമതി വേണമെന്നിരിക്കെ പരിശോധന സർട്ടിഫിക്കറ്റിന് നിർബന്ധം പിടിച്ചാൽ അടുത്ത ദിവസങ്ങളിൽ വിമാന ടിക്കറ്റ് എടുത്തവരുടെ തിരിച്ച് വരവ് പ്രതിസന്ധിയിലാകും.