Entertainment

ഹിറ്റ് മേക്കര്‍ പോയത് പറയാന്‍ കഥകള്‍ ബാക്കിയാക്കി

എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയിലേക്കെത്തിയത്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സംവിധാന മോഹവുമായി നടന്ന കലാകാരനാണ് കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചി. അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയില്‍ വരുന്നതും മലയാളികളുടെ മനസ്സ് കീഴടക്കുന്നതും.

സ്കൂളിലും കോളജിലും നാടകം സംവിധാനം ചെയ്തും അഭിനയിച്ചും നടന്ന കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചിക്ക് സിനിമാ സംവിധായകനാകുക എന്നതായിരുന്നു മോഹം. എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സിനിമയിലേക്കെത്തിയത്. 2007ല്‍ പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചോക്ക്‌ലേറ്റിലൂടെയാണ് സിനിമാ അരങ്ങേറ്റം.

സേതുവിനൊപ്പമായിരുന്നു തിരക്കഥ. പിന്നീട് സേതുവിനൊപ്പം റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങി നാല് ചിത്രങ്ങള്‍. 2012ല്‍ ജോഷിയുടെ മോഹന്‍ലാല്‍ ചിത്രം റണ്‍ബേബി റണ്ണിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായുള്ള രംഗപ്രവേശം. പിന്നീട് ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, അയ്യപ്പനും കോശി തുടങ്ങിയ ചിത്രങ്ങളുട തിരക്കഥയൊരുക്കി ഹിറ്റ് മേക്കര്‍ തിരക്കഥാകൃത്തായി. 2015ല്‍ അനാര്‍ക്കലിയിലൂടെ സംവിധായകനുമായി.

ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഹിറ്റായതോടെ സംവിധായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥാ തയ്യാറെടുപ്പുകള്‍ക്കിടെയാണ് അപ്രതീക്ഷിത മരണം. ചേട്ടായീസ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമായിരുന്നു. തൃശൂരിലെ കൊടുങ്ങല്ലൂരാണ് ജന്‍മസ്ഥലം.

സംസ്കാരം ഇന്ന്

ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് സച്ചിയുടെ നില ഗുരുതരമായത്. തുടർന്ന് 16ആം തിയ്യതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്‍റെ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സച്ചി മരണത്തിന് കീഴടങ്ങിയത്.

രാവിലെ കൊച്ചിയിലേക്ക് എത്തിക്കുന്ന മൃതദേഹം 9.30 മുതൽ ഹൈക്കോടതി പരിസരത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് തമ്മനത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. 4.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.