കോൺഗ്രസിൽ പദവികൾ ഇല്ലാതെ, മോദി സർക്കാരിനെതിരായ പോരാട്ടങ്ങളുടെ കുന്തമുനയായി തുടരുകയാണ് രാഹുൽ ഗാന്ധി
കോൺഗ്രസിന്റെ ധീര യുവ ശബ്ദം രാഹുൽ ഗാന്ധിക്ക് ഇന്ന് അൻപതാം പിറന്നാൾ. കോൺഗ്രസിൽ പദവികൾ ഇല്ലാതെ, മോദി സർക്കാരിനെതിരായ പോരാട്ടങ്ങളുടെ കുന്തമുനയായി തുടരുകയാണ് രാഹുൽ ഗാന്ധി . കോവിഡ് പ്രതിസന്ധിയുടെയും സൈനികരുടെ ജീവത്യാഗത്തിന്റെയും പശ്ചാത്തലത്തിൽ ആഘോഷങ്ങൾ മാറ്റി വച്ച് ദുരിതമനുഭവിക്കുന്നവർക്കായി പരമാവധി സഹായങ്ങൾ എത്തിക്കാനാണ് തീരുമാനം.
വികസിതവും പുരോഗമനാത്മകവും വിദ്വേഷങ്ങൾ ഇല്ലാത്തതുമായ നവഭാരതം സ്വപ്നം കാണുന്ന നേതാവ്, മലയാളികളുടെ വയനാട് എം.പി, നെഹ്റു കുടുംബത്തിൽ നിന്നുള്ള നേതാക്കളിൽ വിഭിന്നൻ,
കോൺഗ്രസ് മുൻ അധ്യക്ഷൻ. പാർട്ടിയിലെ താപ്പാനകൾക്ക് മുമ്പിൽ പദവി വലിച്ചെറിഞ്ഞ് നിലപാടിൽ ഉറച്ച് നിന്ന നേതാവ്. മോദി – ഷാ കൂട്ടുകെട്ട് നേർക്ക് നേർ വന്ന് തകർക്കാൻ ശ്രമിക്കും തോറും കരുത്തേറുകയാണ് രാഹുൽ ഗാന്ധിക്ക്.
ലഡാക്കിലെ സൈനികരുടെ ജീവത്യാഗത്തിൽ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾ ഇരുതലമൂർച്ചയുള്ളവയായിരുന്നു. കോവിഡ് പ്രതിസന്ധിയിലും സാമ്പത്തിക തകർച്ചയിലും അതിഥി തൊഴിലാളികളുടെ ദുരിതത്തിലും കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഉള്ള വിമർശനങ്ങൾ തുടരുകയാണ് രാഹുൽ . ഒപ്പം പരമാവധി ജനങ്ങളെ കേൾക്കാനും സഹായം എത്തിക്കാനും ശ്രമിക്കുന്നുണ്ട്.
പിറന്നാൾ ആഘോഷങ്ങൾ മാറ്റി വച്ച് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനാണ് തീരുമാനം. പാർട്ടി പ്രവർത്തകർക്കും നിർദേശം നൽകിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കും ദരിദ്രർക്കുമായി 50 ലക്ഷം ന്യായ് കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്.