Kerala Pravasi

കോവിഡ് ബാധിതര്‍ക്ക് വരാം, നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി

രോഗികളെ കൊണ്ട് വരാനുള്ള സൌകര്യം ഒരുക്കാമെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും പ്രത്യേക വിമാനത്തില്‍ വരുകയാണെങ്കില്‍ അവരേയും സ്വീകരിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി

കോവിഡ് പോസിറ്റീവ് ആയവര്‍ക്കും സംസ്ഥാനത്തേക്ക് വരാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും രോഗികളെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തെ ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. രോഗികളെ കൊണ്ട് വരാനുള്ള സൌകര്യം ഒരുക്കാമെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും പ്രത്യേക വിമാനത്തില്‍ വരുകയാണെങ്കില്‍ അവരേയും സ്വീകരിക്കുമെന്നാണ് കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

നാട്ടിലേക്കെത്തുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിക്കുകയും പരിശോധനയക്ക് കേന്ദ്രം തയ്യാറാവാതായതോടെ ട്രൂനറ്റ് പരിശോധനയക്ക് സംസ്ഥാനം സര്‍ക്കാര്‍ സംവിധാനം ഒരുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് നാട്ടിലെത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പോസിറ്റീവ് ആകുന്നവര്‍ കേരളത്തിലേക്ക് വരേണ്ടെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്നതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

എന്നാല്‍ രോഗമുള്ളവര്‍ക്കും സംസ്ഥാനത്തേക്ക് വരാമെന്ന് പറയുന്ന മുഖ്യമന്ത്രി പക്ഷെ അവരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവദിത്വം കേന്ദ്രസര്‍ക്കാരിനാണെന്ന് സൂചനയും നല്‍കി. പല രാജ്യങ്ങളിലും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ കാര്യത്തില്‍ നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രോഗികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കഴിയുമോ എന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.