ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. വിവാഹങ്ങള്‍ക്കും ഇനി മുതല്‍ അനുമതി നല്‍കില്ല. നേരത്തെ നിശ്ചയിച്ച രണ്ട് വിവാഹങ്ങള്‍ ഇന്ന് നടക്കും. ക്ഷേത്രത്തിലെ നിത്യപൂജ അടക്കമുള്ള ചടങ്ങുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തുടരും. തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
തൃശൂരില്‍ കനത്ത ജാഗ്രത
തൃശൂര്‍ ജില്ലയില്‍ 14 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് പോസിറ്റീവായവരില്‍ ആറ്‍ പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ 21 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചാലക്കുടി, ചാവക്കാട്, അരിമ്പൂർ, മാടായിക്കോണം, ഗുരുവായൂർ, കരുവന്നൂര്‍ സ്വദേശികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 65 വയസ്സുള്ള ചാവക്കാട് സ്വദേശിനിക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിലെ എസ്എൻ പുരം സ്വദേശികളായ രണ്ട് പേര്‍ക്കും ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശിക്കും ഡൽഹിയിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്കുമാണ് രോഗം. ഖത്തര്‍, ദുബൈ എന്നിവിടങ്ങില്‍ നിന്നെത്തിയ ഓരോര്‍ത്തര്‍ക്കും കോവിഡ് പോസിറ്റീവായി.
നിലവിൽ രോഗം സ്ഥിരീകരിച്ച് 157 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി. നാല് പേർ രോഗമുക്തരായി. എന്നാല്‍ ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർദ്ധനവില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തില്‍. എങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് തീരുമാനം. പ്രതിരോധത്തിന്റെ ഭാഗമായി ആകെ 12646 പേരാണ് നിരീക്ഷണത്തിലുളളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാവക്കാട് നഗരസഭ പൂർണമായും കണ്ടയെൻമെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ നേരത്തെ കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ചാവക്കാട് നഗരസഭയുടെ ഗുരുവായൂർ വില്ലേജിൽ ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ കൂടി സോണിന്റെ പരിധിയിൽ ഉൾപ്പെടുത്തി.