India National

‘മുസ്‍ലിം വിദ്യാര്‍ഥികളോട് വിവേചനം, നിര്‍ബന്ധപൂര്‍വം ഹാളിന് പുറത്ത് പരീക്ഷ എഴുതിച്ചു’; പരാതിയുമായി എം.എല്‍.എ

വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെ സ്കൂള്‍ അധികൃതര്‍ ഹാളിന് പുറത്ത് പരീക്ഷ എഴുതാമെന്ന തീരുമാനത്തിലെത്തി

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുസ്‍ലിം വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹാളിന് പുറത്ത് പരീക്ഷ എഴുതിച്ചതായി എം.എല്‍.എയുടെ പരാതി. ഇന്‍ഡോര്‍ കോണ്‍ഗ്രസ് എം.എല്‍.എ ആരിഫ് മസൂദ് ആണ് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പരാതി നല്‍കിയത്. ഇന്‍ഡോറിനടുത്ത നൗലാക്കയിലെ ബംഗാളി സ്കൂളിലാണ് മുസ്‍ലിം വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ സെന്‍ററായ സ്കൂളില്‍ എത്തിയ ഇസ്‍ലാമിയ കരീമിയ സ്കൂളിലെ വിദ്യാര്‍ഥികളെ ഹാളില്‍ കയറാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെ സ്കൂള്‍ അധികൃതര്‍ ഹാളിന് പുറത്ത് പരീക്ഷ എഴുതാമെന്ന തീരുമാനത്തിലെത്തി. ഇതിനെതിരെയാണ് എം.എല്‍.എ പരാതിയുമായി രംഗത്തുവന്നത്. ഭോപാലില്‍ നിന്നുള്ള എം.എല്‍.എയായ മസൂദ് സംഭവത്തില്‍ കടുത്ത നടുക്കം രേഖപ്പെടുത്തുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.