India National

രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം വര്‍ധിക്കുന്നു; ഇതുവരെ 50 ലക്ഷം പേർക്ക് രോഗപരിശോധന നടത്തിയതായി ഐസിഎംആർ

49.98 % പേർക്ക് രോഗം മാറി. ഇതാദ്യമായി രോഗം ഭേദമായവർ മൊത്തം രോഗികളുടെ എണ്ണത്തെ മറികടന്നു. മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ ലോക്ക്ഡൗൺ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

ഐസിഎംആറിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5999 പേർക്ക് രോഗം ഭേദമായി. അതായത് 49.98 ശതമാനം. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 1,33,362 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗം ഭേദമായവരാകട്ടെ 1,35,206 പേരാണ്. 1844 പേരുടെ വ്യത്യാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 9985 കോവിഡ് കേസും 279 മരണവുമാണ്. ആകെ രോഗികൾ 2.76 ലക്ഷവും മരണം സംഖ്യ 7745 ഉം.

ഇതുവരെ 50 ലക്ഷം പേർക്ക് രോഗപരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിൽ 70 ശതമാനം രോഗികളും മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം 31309 ഉം മരണസഖ്യ 905 ആണ്. മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. പലയിടത്തും നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും മരണത്തിലും റെക്കോർഡ് വർധനയാണ്. 24 മണിക്കൂറിനിടെ 3254 പേർക്ക് കോവിഡ്. 149 മരണം. ആകെ 94,041 കേസുകളും 3438 മരണവും. മുംബൈയിൽ മാത്രം 97 മരണം. 1567 പേർക്ക് കോവിഡ്.

മുംബൈയിലാകെ 52,667 കേസുകളും 1857 മരണവും. 44,517 പേർക്ക് ഇതുവരെ രോഗമുക്തി. ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 21,554 ഉം മരണം 1347ആയി. അഹമ്മദാബാദിൽ മാത്രം രോഗികൾ 15,000വും മരണസംഖ്യ ആയിരവും കടന്നു. രാജസ്ഥാൻ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചു. രോഗബാധ വർധിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 10,000 കവിഞ്ഞു. മരണം 259 ആയി ഉയർന്നു. മധ്യപ്രദേശിലും രോഗികളുടെ സംഖ്യ 10000 കടന്നു.