International

റെഡ്ഡിറ്റ് ബോര്‍ഡ് സ്ഥാനം രാജിവെച്ച് സെറീനയുടെ ജീവിത പങ്കാളി

‘ഭാവിയില്‍ എന്റെ കറുത്തവര്‍ഗ്ഗക്കാരിയായ മകള്‍ നിങ്ങളെന്തു ചെയ്തു എന്ന് ചോദിക്കുമ്പോള്‍ നല്‍കാനുള്ള ഉത്തരത്തിന് വേണ്ടിയാണീ തീരുമാനം…

റെഡ്ഡിറ്റിന്റെ സഹസ്ഥാപകനാണെങ്കിലും അലക്‌സിസ് ഓഹാനിയനെ ലോകം കൂടുതലായി അറിയുന്നത് ടെന്നീസ് ഇതിഹാസ താരം സെറീന വില്യംസിന്റെ ജീവിതപങ്കാളിയെന്ന നിലയിലാണ്. അമേരിക്കയില്‍ നടക്കുന്ന വംശീയവിദ്വേഷത്തിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റെഡ്ഡിറ്റ് ബോര്‍ഡ് അംഗത്വം രാജിവെച്ചിരിക്കുകയാണ് അലക്‌സിസ് ഓഹാനിയന്‍. താന്‍ വഹിച്ചിരുന്ന പദവി ഒരു കറുത്തവര്‍ഗ്ഗക്കാരന് നല്‍കണമെന്ന നിര്‍ദേശവും അലക്‌സിസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

‘ഭാവിയില്‍ എന്റെ കറുത്തവര്‍ഗ്ഗക്കാരിയായ മകള്‍ നിങ്ങളെന്തു ചെയ്തു എന്ന് ചോദിക്കുമ്പോള്‍ നല്‍കാനുള്ള ഉത്തരത്തിന് വേണ്ടിയാണീ തീരുമാനം. ദീര്‍ഘകാലമായുള്ള ഒരു കടം ഉചിതമായ സമയത്ത് വീട്ടുന്നുവെന്ന് മാത്രം. ഇത് എനിക്കു വേണ്ടിയാണ്, എന്‍റെ കുടുംബത്തിന് വേണ്ടിയാണ്, എന്‍റെ രാജ്യത്തിന് വേണ്ടിയാണ്’ ഓണ്‍ലൈനില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ ഒഹാനിയന്‍ പറയുന്നു.

റെഡ്ഡിറ്റിന്റെ ഓഹരിപങ്കാളിത്തത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം ഭാവിയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും 37കാരനായ ഒഹാനിയന്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ ഫുട്‌ബോള്‍(എന്‍.എഫ്.എല്‍) താരമായിരുന്ന കോളിന്‍ കെപര്‍നികിന്റെ നോ യുവര്‍ റൈറ്റ്‌സ് കാമ്പിന് ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

15 വര്‍ഷം മുമ്പായിരുന്നു ഒഹാനിയന്‍ റെഡ്ഡിറ്റ് സ്ഥാപിക്കുന്നത്. 2017ല്‍ പ്രണയത്തിനൊടുവില്‍ ഒഹാനിയന്‍ സെറീന വില്യംസിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകളുമുണ്ട്.