അണ്ടര്‍ 23 ടീമിലേക്ക് തെരഞ്ഞെടുക്കാത്തതിന് സെലക്ടര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദ്ദനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്കുനേരെയാണ് ആക്രമണം. അണ്ടര്‍ 23 ടീം സെലക്ഷന് ട്രയല്‍സ് നടക്കുന്നതിനിടെ ടീമില്‍ സെലക്ഷന് കിട്ടാതിരുന്ന കളിക്കാരന്റെ നേതൃത്വത്തിലാണ് ഭണ്ഡാരിയെ ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കുംകൊണ്ട് ആക്രമിച്ചത്. അനുജ് ദേധ എന്ന കളിക്കാരനെ ടീമിലെടുക്കാത്തിനായിരുന്നു ആക്രമണം.
ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അനുജിനെയും അദ്ദേഹത്തിന്റെ സഹോദരന് നരേഷിനെയും അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ തലയ്ക്കും കാലിലും പരിക്കേറ്റ ഭണ്ഡാരിയെ സന്ത് പരമാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭണ്ഡാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ രൂക്ഷ വിമര്‍ശവുമായി ഇന്ത്യയുടെ ഡല്‍ഹി താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൌതം ഗംഭീര്‍, ശിഖര്ധവാന് എന്നിവര്‍ രംഗത്ത് എത്തി.
ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു. ആക്രമണത്തിലേര്‍പ്പെട്ട കളിക്കാരാന് ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെടുന്നത്.