International

ഭീഷണിപ്പെടുത്തിയിട്ടും പിന്നോട്ടില്ല; യുഎസില്‍ കര്‍ഫ്യൂ ലംഘിച്ചും പ്രതിഷേധം

ഒരാഴ്‌ച പിന്നിട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും അമേരിക്കയിൽ നൂറുകണക്കിന്‌ കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായി.

ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ യുഎസ് പൊലീസ് തെരുവില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം കനക്കുന്നു. കര്‍ഫ്യു ലംഘിച്ചും നിരവധി പേര്‍ തെരുവിലിറങ്ങി. അമേരിക്കയിലുടനീളം പ്രതിഷേധം രൂപപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷസാധ്യതയും നിലനില്‍ക്കുന്നു. അതേസമയം കനത്ത ഭാഷയിലാണ് പ്രസിഡന്റ് പ്രതിഷേധക്കാരോട് പ്രതികരിക്കുന്നത്. ബന്ധപ്പെട്ട ഗവര്‍ണര്‍മാര്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ സൈന്യത്തെ ഇറക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഫ്ളോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണില്‍ നടന്ന പ്രതിഷേധസംഘമത്തില്‍ 60,000ത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. അതിനിടെ, പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആളുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.

ഒരാഴ്‌ച പിന്നിട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും അമേരിക്കയിൽ നൂറുകണക്കിന്‌ കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായി. നൂറ്റമ്പതോളം നഗരങ്ങളിൽ വൻപ്രതിഷേധം തുടരുന്നു. ആറ്‌ സംസ്ഥാനത്തിലും 13 പ്രധാന നഗരത്തിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണ്‌. ടെക്സസിലെ ഫോർട്ട് വർത്തിലും, ന്യൂയോർക്കിലും, മാൻഹട്ടനിലുമെല്ലാം ജനങ്ങള്‍ കർഫ്യൂ ലംഘിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നൂറുകണക്കിന് ആളുകളാണ് തെരുവില്‍ തുടരുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നിലുണ്ടായ അപ്രതീക്ഷിത പ്രതിഷേധത്തെ തുടര്‍ന്ന് ട്രംപിനെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയിരുന്നു.