International

കൊറോണ വൈറസ് കൂടുതല്‍ ശക്തിയുള്ളതായി മാറുന്നുവെന്നുള്ള പ്രചാരണത്തിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്; സ്പെയിനില്‍ മൂന്നുമാസത്തിനിടെ ആദ്യമായി പുതിയ കോവിഡ് മരണമില്ല

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,55000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും രോഗവ്യാപനം മുര്‍ധന്യാവസ്ഥയിലെത്തിയതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ബ്രസീല്‍, പെറു, ചിലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഇതുവരെയുള്ള കണക്കുകളെ മറികടന്നാണ് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ പതിനായിരത്തിലേറെ പേര്‍ക്കും പെറുവിലും ചിലിയിലും അയ്യായിരത്തിലേറെ പേര്‍ക്കും ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, മെക്സിക്കോയില്‍ മൂവായിരത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്.

213 രാജ്യങ്ങളിലായി ഇതുവരെ 63,55000 പേര്‍ക്ക് ആകെ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 3,76,000 പിന്നിട്ടു. കോവിഡ് സംഹാര താണ്ഡവമാടുന്ന അമേരിക്കയിലാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും. തുടര്‍ച്ചയായ ദിവസങ്ങളിലായി പതിനായിരങ്ങള്‍ക്ക് രോഗം ബാധിച്ചതോടെ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ റഷ്യ തീരുമാനിച്ചു. എന്നാല്‍ ചെറിയ ഇടവേളക്ക് ശേഷം ഇറാനില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയായത് ഏഷ്യയെ സംബന്ധിച്ചും ആശങ്കളുണ്ടാക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി സ്പെയിന്‍ പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും വിവിധ രാജ്യങ്ങളില്‍ മരണ സംഖ്യയില്‍ കുറവുണ്ടായതും അല്‍പ്പം ആശ്വാസം നല്‍കുന്നുണ്ട്. യു.കെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ മരണനിരക്കില്‍ കുറവുണ്ടായതും പ്രതീക്ഷ പകരുന്നു.

മധ്യ അമേരിക്കയും ദക്ഷിണ അമേരിക്കയും കൂടുതല്‍ പ്രതിസന്ധികളിലേക്ക് കടക്കുകയാണന്നും രോഗവ്യാപനം മൂര്‍ധന്യാവസ്ഥയിലെത്തിയതായും ഇന്നലെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. അതേസമയം അമേരിക്കയുമായുള്ള സഹകരണം തുടരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കൊറോണ വൈറസ് കൂടുതല്‍ ശക്തിയുള്ളതായി മാറുന്നുവെന്നുള്ള പ്രചാരണത്തിന് തെളിവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.