Health International

യഥാര്‍ഥ കോവിഡ് രോഗികള്‍ 15 ഇരട്ടി വരുമെന്ന് വിദഗ്ധര്‍

പലരാജ്യങ്ങളിലും കോവിഡിനെ ചൊല്ലി ഭീതിയുണ്ടെങ്കിലും നിലവില്‍ ഏറ്റവും മോശം അവസ്ഥ ബ്രസീലിലാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്….

റഷ്യയെ മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ബ്രസീല്‍ രണ്ടാമത്. കോവിഡ് ബാധിച്ച് 21000ത്തിലേറെ പേര്‍ മരിച്ച ബ്രസീലില്‍ കോവിഡ് രോഗികളുടെ എണ്ണം 3,32,000ലേറെയാണ്.

അതേസമയം യഥാര്‍ഥ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ഇരട്ടിയിലേറെ ആകാണെമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കോവിഡ് പരിശോധനയില്‍ ബ്രസീല്‍ വരുത്തുന്ന അലംഭാവമാണ് ഈ വിമര്‍ശത്തിന് പിന്നില്‍.

24 മണിക്കൂറിനിടെ 1001 മരണങ്ങളാണ് ബ്രസീലില്‍ രേഖപ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് 24 മണിക്കൂറിനിടെ ആയിരത്തിലേറെ മരണങ്ങള്‍ ബ്രസീലില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. തെക്കേ അമേരിക്കയെ കോവിഡിന്റെ പുതിയ കേന്ദ്രമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രസീലിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നത്. പലരാജ്യങ്ങളിലും കോവിഡിനെ ചൊല്ലി ഭീതിയുണ്ടെങ്കിലും നിലവില്‍ ഏറ്റവും മോശം അവസ്ഥ ബ്രസീലിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മൈക്ക് റയാന്‍ പറഞ്ഞത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ബ്രസീല്‍ ആറാമതാണ്. അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിന് മുന്നിലുള്ളത്. 21 കോടി ജനങ്ങളുള്ള ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിലുണ്ടായ പ്രതിസന്ധി മേഖലയെ ആകെ കുഴപ്പത്തിലാക്കുന്നതാണ്. ജൂണ്‍ മാസത്തോടെ ബ്രസീല്‍ കോവിഡിന്റെ കാര്യത്തില്‍ ഏറ്റവും മോശം നിലയിലെത്തുമെന്നാണ് മുന്നറിയിപ്പ്.

തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോയുടെ കോവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. സാധാരണ ജലദോഷ പനിയായാണ് കോവിഡിനെ തുടക്കത്തില്‍ ബോല്‍സനാരോ വിശേഷിപ്പിച്ചത്. ഒരു മാസത്തിനിടെ കോവിഡ് പ്രതിരോധത്തെ തുടര്‍ന്നുള്ള അഭിപ്രായ വ്യത്യാസത്തില്‍ രണ്ട് ആരോഗ്യമന്ത്രിമാരാണ് ബ്രസീലില്‍ രാജിവെച്ചത്. ലോക്ഡൗണിനെ എതിര്‍ക്കുന്ന ബോല്‍സനാരോ സമ്പദ്‌വ്യവസ്ഥക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും നിയന്ത്രണങ്ങള്‍ നീക്കണമെന്നുമുള്ള പക്ഷക്കാരനാണ്.