India

കിംവദന്തികള്‍ പ്രചരിപ്പിക്കും മുമ്പ് വസ്തുത പരിശോധിക്കൂ, ബി.ജെ.പി എം.പിയെ തിരുത്തി ഡല്‍ഹി പൊലീസ്

മുസ്‌ലിം പള്ളിയിലെ നമസ്‌കാരത്തിന്റെ വീഡിയോ കോവിഡ് കാലത്തേതെന്ന നിലയിലാണ് ബി.ജെ.പി എം.പി പങ്കുവെച്ചത്…

സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കും മുമ്പ് വസ്തുതയാണോ എന്ന് പരിശോധിക്കണമെന്ന് വെസ്റ്റ് ഡല്‍ഹി എം.പി പര്‍വേശ് സാഹിബ് സിംഗിന് ഡല്‍ഹി പൊലീസിന്റെ ഉപദേശം. മുസ്‌ലിം പള്ളിയിലെ നമസ്‌കാരത്തിന്റെ വീഡിയോ കോവിഡ് കാലത്തേതെന്ന നിലയില്‍ പങ്കുവെച്ച എം.പിയുടെ നടപടിയാണ് ഡല്‍ഹി പോലീസ് തന്നെ ചോദ്യം ചെയ്തത്. കിംവദന്തികള്‍ വസ്തുത പരിശോധിക്കാതെ പങ്കുവെക്കരുതെന്നാണ് ഡി.സി.പി ഈസ്റ്റ് ഡല്‍ഹി പൊലീസ് ബി.ജെ.പി എം.പിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സമയത്ത് സാമൂഹ്യ അകലം പാലിക്കാതെ മുസ്‌ലിം പള്ളികളില്‍ നമസ്‌കാരങ്ങള്‍ നടക്കുന്നുവെന്നായിരുന്നു പര്‍വേശ് സാഹിബ് സിംഗ് ട്വീറ്റു ചെയ്തത്. കൂട്ടത്തില്‍ കൂട്ടനമസ്‌കാരത്തിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. അന്വേഷണത്തില്‍ ഈ വീഡിയോ ലോക്ഡൗണിന് മുമ്പത്തേതാണെന്ന് തെളിഞ്ഞതോടെയാണ് എം.പിയെ തിരുത്തി ഡല്‍ഹി പൊലീസ് തന്നെ രംഗത്തെത്തിയത്.

ഇത് തെറ്റാണ്. പഴയൊരു വീഡിയോയാണ് ഈ സന്ദേശത്തിലുള്ളത്. ഇത്തരം കിംവദന്തികള്‍ പങ്കുവെക്കും മുമ്പ് ദയവായി വസ്തുതകള്‍ പരിശോധിക്കൂ… എന്നായിരുന്നു ഡി.സി.പി ഈസ്റ്റ് പൊലീസിന്റെ ട്വീറ്റ്.

ഡല്‍ഹി പൊലീസ് തന്നെ എതിര്‍ത്ത് രംഗത്തെത്തിയതോടെ എം.പി ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട. എന്നാല്‍ വിവാദ ട്വീറ്റിന്റെ പേരില്‍ തെറ്റു സമ്മതിക്കാനോ മാപ്പു ചോദിക്കാനോ എം.പി തയ്യാറായിട്ടില്ല.