International World

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തി എണ്‍പതിനായിരം കടന്നു; രോഗബാധിതര്‍ 46 ലക്ഷത്തിലധികം

അതിനിടെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് കണ്ടെത്തല്

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ആകെ രോഗബാധിതര്‍ 46 ലക്ഷത്തിലധികമാണ്. അതിനിടെ ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍.

അമേരിക്ക , റഷ്യ , ബ്രസീല്‍ , ബ്രിട്ടന്‍ എന്നിവടങ്ങളില്‍ കോവിഡ് മരണവും രോഗികളും ദിനംപ്രതി വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 1500 ഓളം പേര്‍. 24,000 ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക കഴിഞ്ഞാല്‍ 24 മണിക്കൂറിനുളളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ബ്രസീലില്‍ ആണ്, 824. ഇവിടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.

കോവിഡ് വ്യാപന ഭീതി നിലനില്‍ക്കെ പൂര്‍ണ കോവിഡ് മുക്ത രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌‌ലൊവീനിയ . യൂറോപ്പില്‍ ആദ്യമായാണ് ഒരു രാജ്യം കോവിഡ് മുക്തമായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ രാജ്യത്ത് പൊതു സ്ഥലങ്ങളിലെ മാസ്ക് ഉപയോഗം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഹോട്ടലുകളും റസ്റ്ററന്റുകളും അടുത്ത ആഴ്ചയോടെ തുറക്കുമെന്ന് പ്രധാന മന്ത്രി ജാനെസ് ജന്‍സ പറഞ്ഞു. വൈറസ് വ്യാപനം നിലനില്‍ക്കെ രാജ്യത്തിന്റെ നടപടിയില്‍ വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തി.

അതേസമയം കോവിഡിനെതിരെ ഓക്സ്ഫഡ‍് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തല്‍. വാക്സിന്‍ സ്വീകരിച്ച കുരങ്ങുകളുടെ പ്രതിരോധശേഷി വര്‍ധിച്ചെന്നും ദോഷകരമായ പ്രതിപ്രവര്‍ത്തനം ഉണ്ടായില്ലെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതേസമയം കോവിഡ് വ്യാപനം തടയുന്നതില്‍ ചൈന പരാജയപ്പെട്ടെന്ന ആരോപണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.