Kerala

ബംഗാളിലേക്ക് 28 ട്രെയിനുകള്‍ കൂടി: മടങ്ങിപ്പോകാനൊരുങ്ങി കേരളത്തിലെ ബംഗാളികള്‍

മെയ് 18 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവിലായിരിക്കും സര്‍വീസുകളെന്ന് ബംഗാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും കുടിയേറ്റതൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസറുമായ പി ബി സലീം ഐഎഎസ്

ലോക്ഡൌണ്‍ കാലത്ത് കേരളത്തില്‍ കുടുങ്ങി പോയ പശ്ചിമബംഗാള്‍ തൊഴിലാളികളില്‍ മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും അവരവരുടെ നാട്ടിലേക്ക് എത്തിക്കാനായി ബംഗാള്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കി. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ നിന്നും 28 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാണ് ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം. ഈ മാസം 18 മുതല്‍ അടുത്ത മാസം 15 വരെയുള്ള കാലയളവിലായിരിക്കും സര്‍വീസുകളെന്ന് ബംഗാള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും കുടിയേറ്റതൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസറുമായ പി ബി സലീം ഐഎഎസ് അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ 10 ട്രെയിനുകളിലായി നിരവധി തൊഴിലാളികളെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മടക്കി കൊണ്ടുപോയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടത്തിലാണ് 28 ട്രെയിനുകള്‍ കൂടി കേരളത്തില്‍ നിന്നും ഏര്‍പ്പെടുത്തുന്നത്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്ന് അഞ്ച് വീതം സര്‍വീസുകള്‍ നടത്തും. കോട്ടയത്ത് നിന്ന് മൂന്ന് സര്‍വീസ് നടത്തുമ്പോള്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് വീതം സര്‍വീസും നടത്തും. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി ഓരോ ട്രെയിനും തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ക്രമീകരിക്കും. കേരളത്തിലുള്ള നാല് ലക്ഷത്തോളം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ബംഗാള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പിബി സലീം ഐഎഎസ് അറിയിച്ചു. ഇവരുടെ ഭക്ഷണ താമസ സൗകര്യങ്ങൾ ഉറപ്പാക്കാൻ കേരള സർക്കാർ നല്ല ഇടപെടലുകൾ നടത്തിയുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ ബംഗാളിലെ റെയിൽവേ സ്റ്റേഷനുകളിൽ എത്തിയാലുടൻ ഇവർക്കുള്ള വിദഗ്ധമായ കൊറോണ സ്ക്രീനിങ്ങും അതനുസരിച്ചു നെഗറ്റീവ് ആയ മുഴുവൻ പേരെയും വീടുകളിലേക്കു എത്തിക്കുവാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ മടങ്ങി എത്തുന്നവരുടെ കഴിവും വൈദഗ്ധ്യവും അനുസരിച്ച്, ഇനി തിരിച്ചു പോകാൻ ആഗ്രഹിക്കാത്ത, മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾക്കും തുടക്കം കുറിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നായി ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നാണ് മമതാ ബാനര്‍ജി സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍