കൊങ്കൺ വഴി പോകുന്ന ട്രെയിനിന് കേരളത്തിൽ ആകെ മൂന്ന് സ്റ്റോപ്പുകളാണുള്ളത്. കേരളത്തിൽ നിന്ന് ന്യൂഡൽഹിലേക്ക് ആഴ്ചയിൽ മൂന്നുതവണ ട്രെയിൻ സർവീസ് ഉണ്ടാകും.
ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക രാജധാനി എക്സ്പ്രസ് ഇന്ന് രാവിലെ പുറപ്പെടും. ഉയർന്ന നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നത്. എസി കമ്പാർട്ട്മെൻറുകളിലെ യാത്ര, കോവിഡ് രോഗബാധ പടരുന്നതിന് ഇടയാക്കുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 11.25 നാണ് കേരളത്തിലേക്കുള്ള ആദ്യത്തെ സ്പെഷ്യൽ രാജധാനി എക്സ്പ്രസ് പുറപ്പെടുക. കൊങ്കൺ വഴി പോകുന്ന ട്രെയിനിന് കേരളത്തിൽ ആകെ മൂന്ന് സ്റ്റോപ്പുകളാണുള്ളത്. കേരളത്തിൽ നിന്ന് ന്യൂഡൽഹിലേക്ക് ആഴ്ചയിൽ മൂന്നുതവണ ട്രെയിൻ സർവീസ് ഉണ്ടാകും. ഫസ്റ്റ് ക്ലാസ് എ സി, സെക്കൻഡ് ക്ലാസ് എസി, ത്രീ ടയർ എസി എന്നിങ്ങനെ മൂന്നുതരം കോച്ചുകളാണുള്ളത്. മൊത്തം 15 കോച്ചുകൾ. 4000 മുതൽ 7000 വരെയാണ് ടിക്കറ്റ് നിരക്ക്. മൂന്നാം ക്ലാസ് എ സി 5000 രൂപ വരെ ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്.
അതേസമയം കോവിഡ് പടരുന്ന സാഹചര്യത്തിൽ എ സി കമ്പാർട്ട്മെൻറുകളിലെ യാത്ര, ആശങ്ക ഉയർത്തിയിട്ടുണ്ട് തണുപ്പുള്ള സാഹചര്യത്തിൽ വൈറസ് കൂടുതൽ സമയം നിലനിൽക്കാൻ കഴിയുന്നുവെന്നതാണ് കാരണം. മാത്രമല്ല, കോവിഡ് രൂക്ഷമായി ബാധിച്ചിട്ടുള്ള രാജസ്ഥാനിലെ കോട്ട, ഗുജറാത്തിലെ വഡോദര, മുംബൈയിലെ പനവേൽ, എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്. ഇവിടെനിന്ന് രോഗം ബാധിച്ചവർ ട്രെയിനിൽ കയറുമോ എന്ന ഭീതി ഉയർന്നിട്ടുണ്ട്.
കോവിഡ് ജാഗ്രത പോർട്ടൽ വഴി പാസിന് അപേക്ഷിച്ചവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി. അല്ലെങ്കിൽ ട്രെയിൻ ഇറങ്ങിയശേഷം നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകേണ്ടിവരും. ട്രെയിനിൽ ഭക്ഷണം, ബെഡ് ഷീറ്റ്, കമ്പിളി, കർട്ടൻ എന്നിവ ഉണ്ടാകില്ല. ഇന്നലെയാണ് കോവിഡിനെ തുടർന്ന് നിർത്തിവച്ച പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചത്. 15 ട്രെയിനുകളാണ് ആണ് ഡൽഹിയിൽ നിന്ന് യാത്ര പുറപ്പെടുന്നത്.