Kerala

വിദേശത്തുനിന്ന് എത്തിയ 2 പേർക്ക് കോവിഡ്; കോഴിക്കോടും കൊച്ചിയിലും ചികിത്സയിൽ

ഒരാൾ കോഴിക്കോടും മറ്റേയാൾ കൊച്ചിയിലും ചികിത്സയിലാണെന്ന്

കേരളത്തില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയവരാണ്. ഒരാൾ‌ കോഴിക്കോട്ടും മറ്റൊരാൾ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവർ‌ക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിൽസയിലായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി.

ഇതുവരെ 505 പേർക്കാണ് രോഗം വന്നത്. ഇപ്പോൾ 17 പേർ ചികിത്സയിലുണ്ട്. 23,930 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇതുവരെ 36,648 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 36,002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 3,475 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3,231 എണ്ണം നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലോ ഇന്ത്യയിൽതന്നെയോ രോഗം നിയന്ത്രിതമായാൽ മാത്രം നാം സുരക്ഷിതമാകില്ല. കോവിഡ്–19 കേസ് സ്ഥിരീകരിച്ച ഒരു രാജ്യവും പൂർണമായി അതിജീവിച്ചിട്ടില്ല. ദിവസേന പുതിയ കേസുകൾ എല്ലാ രാജ്യത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 38,20,000 ആണ്. 2,64,000 ത്തോളം പേർ മരിച്ചു. രാജ്യത്ത് രോഗമുള്ളവരുടെ എണ്ണം നാൽപതിനായിരത്തോട് അടുക്കുന്നു. മരണസംഖ്യ രാവിലത്തെ കണക്ക് അനുസരിച്ച് 1981 ആണ്. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 6,000 കവിഞ്ഞു. മരണം 40 ആയി. കർണാടകത്തിൽ 783 രോഗികളും 33 മരണങ്ങളുമുണ്ട്. കൂടുതൽ പ്രവാസി മലയാളികളുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ രോഗമുള്ളവരുടെ എണ്ണം 20,000 ത്തോട് അടുക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നാം കോവിഡിനെ പ്രതിരോധിക്കുന്നത്. അതുകൊണ്ടു തന്നെ മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതും രോഗവ്യാപനം തടയുന്നതും ഏറ്റവും പ്രധാന ചുമതലയായി ഏറ്റെടുക്കുന്നു.

ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്, വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന്. വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രാഥമിക പരിഗണന. ട്രെയിന്‍ പുറപ്പെടുന്ന തീയതി ഉടനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ആലോചനയിലുണ്ടെന്നും ഉടന്‍ നടപടിയാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍ഗണന ക്രമത്തിലുള്ളവരും സ്വന്തമായി വാഹനങ്ങളുള്ളവരുമാണ് നിലവില്‍ അതിര്‍ത്തി കടന്നു വരുന്നത്. മറ്റ് മാര്‍ഗങ്ങളില്ലാത്തവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ കെയർ സെന്റര്‍

സർക്കാർ കെയർ സെന്ററിലും വീട്ടിലും കഴിയുന്നവരെ ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടും. ബുദ്ധിമുട്ടുണ്ടെങ്കിൽ ഇവർക്കു ബന്ധപ്പെടാൻ നമ്പരും നൽകി. സർക്കാർ കെയർ സെന്ററിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് ഓരോ കെയർ സെന്ററും. നിരീക്ഷണത്തിലുള്ളവർക്ക് കോവിഡ്–19 ഇ–ജാഗ്രത ആപ്പും തയാറാക്കിയിട്ടുണ്ട്. രോഗലക്ഷണം ഉണ്ടെങ്കിൽ വിഡിയോ കോൾ വഴി ഡോക്ടർമാർ ബന്ധപ്പെടും. ചെറിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ടെലി മെഡിസിൻ വഴി മരുന്ന് കുറിച്ച് എത്തിച്ചു നൽകും.

പാ​സി​ല്ലാ​തെ ആ​രെ​യും കേരളത്തിലേക്ക് കടത്തില്ല

ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും പാ​സി​ല്ലാ​തെ ആ​രെ​യും അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ൾ‌ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ല. ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന പാ​സു​മാ​യി വ​രു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ അ​തി​ർ​ത്തി ക​ട​ക്കാ​ൻ ക​ഴി​യൂ. പാ​സി​ല്ലാ​ത്ത​വ​രെ അ​തി​ർ​ത്തി​യി​ൽ​നി​ന്നും മ​ട​ക്കി അ​യ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.