ഹോട്ട്സ്പോട്ട് ഇതര മേഖലയിലെ എല്ലാ കടകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ എട്ട് ദിവസമായി പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതോടെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഹോട്ട്സ്പോട്ട് ഇതര മേഖലയിലെ എല്ലാ കടകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ മെയ് മാസത്തില്‍ ഇതുവരെ പുതുതായി ആര്‍ക്കും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത 178 കേസുകളില്‍ 177 പേര്‍ക്കും രോഗം ഭേദമായി. ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രമാണ്. ഇതോടെ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. നിലവില്‍ കാസര്‍കോട് ജില്ലയില്‍ ചെമ്മനാട് പഞ്ചായത്തിലെ 22ആം വാര്‍ഡും ചെങ്കള പഞ്ചായത്തിലെ 17, 18 വാര്‍ഡുകളും മാത്രമാണ് ഹോട്സ് സ്പോര്‍ട്ടുകള്‍.
ഹോട്ട്സ്പോട്ട് ഇതര മേഖലയിലെ എല്ലാ കടകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ഹോട്ടലുകളില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് വരെ ഭക്ഷ്യ വസ്തുക്കള്‍ പാര്‍സലായി വിതരണം ചെയ്യാം. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ മടങ്ങിയെത്തുന്നവരെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകളിലാണ് ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തില്‍ സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകളിലാണ്. സബ് കളക്ടറും കാസര്‍കോട് ആര്.ഡി.ഒയും ഈ രണ്ട് കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.