ഓർഡിനൻസിൽ ശമ്പളം തിരിച്ചു നൽകുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു
ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഓർഡിനൻസിൽ ശമ്പളം തിരിച്ചു നൽകുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. സർക്കാർ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അതുകൊണ്ടു തന്നെ ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ നിയമനിർമ്മാണം സംസ്ഥാനം വീണുപോയ നിലവിലെ നിലയെ മറികടക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും എല്ലാവരുടെയും ഭാഗത്ത് നിന്നുമുള്ള സഹകരണം സാഹചര്യത്തെ മറികടക്കാൻ ആവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ഓർഡിനൻസ് കൊണ്ടുവരുന്നതിൽ നിയമസഭയുടെ വിവേകത്തെ കോടതിക്ക് ചോദ്യം ചെയ്യാൻ കഴിയില്ലായെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
വിവിധ സർവീസ് ജീവനക്കാർക്ക് പുറമേ യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട്, കേരള എൻ.ജി.ഒ സംഘ്, കേരള എൻ.ജി.ഒ അസോസിയേഷൻ, കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷൻ, പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് കോളെജ് ടീച്ചേഴ്സ് അസോസിയേഷൻ, ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ, വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ, ഫോറം ഫോർ ജസ്റ്റിസ് തുടങ്ങിയവരായിരുന്നു ഹർജിക്കാർ.