Kerala Pravasi Switzerland

വ്യക്തമായ പ്ലാനിങ്ങും ശക്തമായ തീരുമാനങ്ങളുമായി കരുതലിന്റെ മാതൃകയാകുന്നു കേരളം – ജെയിംസ് തെക്കേമുറി

ദൈവത്തിന്റെ സ്വന്തം നാട് വീണ്ടുമൊരിക്കൽക്കൂടി ലോകത്തിന് മുഴുവൻ മാതൃകയായി മാറുന്നു. പ്രളയദുരിതത്തിൽ കേരള ജനത നട്ടം തിരിഞ്ഞപ്പോൾ ഒന്നിച്ച് നിന്ന് ദുരിതത്തെ നേരിടേണ്ടത് എങ്ങനെയെന്ന് കേരള ജനത ലോകത്തിന് കാണിച്ചു കൊടുത്തു. ജീവൻ കൊടുത്തും പ്രളയ ദുരിതക്കടലിൽ നിന്നും അനേകരെ മുങ്ങിയെടുത്ത മത്സ്യത്തൊഴിലാളികളുടെ മനുഷ്യ സ്നേഹം ഇന്നും അഭിമാനത്തോടെ മാത്രമേ നമുക്ക് ഓർമ്മിക്കാൻ കഴിയൂ.

പ്രളയം കേരള ജനതയെ മാത്രം പിടിച്ച് കുലുക്കിയ ഒന്നായിരുന്നെങ്കിൽ ലോകത്തെയാകമാനം ദുരിതത്തിലാക്കിയിരിക്കുകയാണ്
കോവിഡ് 19. നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ ആ ചെറുവൈറസ് മുന്നിൽ സമ്പന്ന രാജ്യങ്ങൾ പോലും പകച്ചും,വിറങ്ങലിച്ചും നിൽക്കുമ്പോൾ കേരളം ലോകത്തിനു മുഴുവൻ മാതൃകയാവുകയാണ്. കരുതലിലും പൊരുതലിലും ഒരമ്മകോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ ഒതുക്കി നിർത്തി സംരക്ഷിക്കുന്നതു പോലെ സ്വന്തം ജനങ്ങളെ ചേർത്ത് നിർത്തി സംരക്ഷിക്കാൻ കേരള സർക്കാരിന് കഴിയുന്നു എന്ന് നിസംശയം പറയാം. അമേരിക്കയും, ഇറ്റലിയും സ്പെയിനും,ബ്രിട്ടനും പോലെയുള്ള സമ്പന്ന രാജ്യങ്ങൾക്ക് വൈറസ്സ് വ്യാപനം തടയാനോ ജനങ്ങളെ നിയന്ത്രിക്കാനോ കഴിയാതെ വിറങ്ങലിച്ച് നിൽക്കുമ്പോൾ, കേന്ദ്രം പ്രഖ്യാപിച്ച കർഫ്യൂ ഏതാണ്ട് പൂർണ്ണമായും നടപ്പിലാക്കാനും സാമുഹ്യ വ്യാപനം തടയുന്നതിനും നാളിതുവരെ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

വ്യക്തമായ പ്ലാനിങ്ങും ശക്തമായ തീരുമാനങ്ങളും,സൗഹാർദ്ദപരമായ നിലപാടുകളുമാണ് വൈറസ്സ് വ്യാപന നിയന്ത്രണ രംഗത്ത് കേരളം സ്വീകരിച്ചത്.
മൂന്ന് ഘട്ടങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. ഒന്നാം ഘട്ടത്തിൽ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുടെ വരവ് താൽക്കാലികമായി തടഞ്ഞു. രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തിനുള്ളിൽ രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവരുമായി ഇടപ്പെട്ടവരുണ്ടെങ്കിൽ അവരെ കണ്ടുപിടിച്ച് ചികിത്സ ആവശ്യമുളളവർക്ക് ഒന്നാം തരം ചികിത്സയും, നിരീക്ഷണം ആവശ്യമുള്ളവർക്ക് ശക്തമായ നിരീക്ഷണവും എർപ്പെടുത്തി. രോഗം തെളിയിക്കപ്പെട്ടവർ സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ച ഏകസ്ഥലം ഒരു പക്ഷേ ലോകത്ത് കേരളം മാത്രമായിരിക്കും. രോഗം തെളിയിക്കപ്പെട്ടവരോട് ബഹുമാനപ്പെട്ട കേരള സർക്കാരും,ആരോഗ്യ വകുപ്പും സ്വീകരിച്ച നിലപാടുകളാണ് എത്ര പ്രശംസിച്ചാലും മതിയാവില്ല.

വെന്റിലേറ്റർ ഉപയോഗിക്കേണ്ടി വരുന്ന ഒരു രോഗിക്ക് എട്ടു പരിശോധനകൾ ഉൾപ്പെട്ട ഏതാണ്ട് രണ്ടു ലക്ഷത്തോളം രൂപാ ചെലവാകുന്നുണ്ട്. അതിനുപുറമേ
നല്ല ഭക്ഷണവും മരുന്നുകളും, താമസ സൗകര്യവും നൽകി പൂർണ്ണമായും സർക്കാർ സംരക്ഷിക്കുന്നു. ഇത് പറയുമ്പോൾ അതിസമ്പന്നമായ അമേരിക്കയിൽ ഒരു രോഗി സ്വന്തം അക്കൗണ്ടിൽ നിന്നും മുടക്കേണ്ടി വരുന്നത് ഏതാണ്ട് ഇരുപത് ലക്ഷത്തോളം രൂപയാണ് എന്നത് നാം മറക്കരുത്. മറ്റ് രാജ്യങ്ങളിൽ പ്രായമായവരെ തഴയുന്ന കാഴ്ചകൾ നാം കാണുമ്പോൾ ഇവിടെ കോട്ടയം മെഡിക്കൽ കോളേജിൽ തൊണ്ണൂറ് വയസ്സ് കഴിഞ്ഞ രണ്ട് രോഗികളെ അതി സാഹസികമായിത്തന്നെ ചികിത്സിച്ച് സുഖപ്പെടുത്താൻ നമ്മുടെ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ദുഃശ്ശാഠ്യം പിടിച്ച് ഉറങ്ങാതിരുന്ന ഇവരെ താരാട്ട് പാടി ഉറക്കിയ നേഴ്സുമാർ വരെ ഇവിടെയുണ്ടായിരുന്നു. അവസാനം നേഴ്സ് തന്നെ രോഗിയായ തീർന്നു.കോട്ടയം മെഡിക്കൽ കോളേജ് ടീമിന്റെ സേവനം എത്ര പ്രശംസിച്ചാലും മതിവരില്ല. കോട്ടയം മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പൽ ഡോ.ജയകുമാറിനെപ്പോലുള്ളവർക്കല്ലേ സത്യത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിക്കേണ്ടത്.

ലോക്ഡൗൺ സമയത്ത് രണ്ട് വലിയ വെല്ലുവിളികളാണ് സർക്കാരിന് മുൻപിൽ ഉണ്ടായിരുന്നത്. ഒന്ന് ആളുകളെ നിയന്ത്രിക്കുക,അതിന് ബോധവത്ക്കരണവും നിയമപരമായ വിലക്കുകളാണ് സ്വീകരിച്ചത്.പറഞ്ഞാൽ കേൾക്കുന്നവരോട് ഉപദേശിച്ചും തല്ലേണ്ടവരെ തല്ലിയും കേരള പോലീസ് ഇത് ഭംഗിയായി നിർവഹിക്കുന്നുണ്ട്.രണ്ടാമത്തെ പ്രശ്നം ലോക്ഡൗണിൽ പെട്ടു പോയവർക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്നുള്ളതായിരുന്നു. ഒരോ കുടുംബത്തിനും പതിനഞ്ച് കിലോ അരി സൗജന്യമായി നൽകാനും മരുന്ന് ആവശ്യമുള്ളവർക്ക് അവരുടെ വീടുകളിൽ എത്തിച്ചു നൽകാനും ആരോഗ്യ വകുപ്പും കുടുംബശ്രീ അംഗങ്ങളും പോലീസും ഫയർഫോഴ്സും ഇരുപത്തിനാലു മണിക്കൂറും സന്നദ്ധരാണ്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ അടുക്കളകളുടെ കാര്യം എടുത്ത് പറയേണ്ടിയിരിക്കുന്നു. ലോക് ഡൗൺ വരുമ്പോൾ ആവശ്യ സാധനങ്ങളുടെ വില കൂടുമെന്നും ലഭ്യത കുറയുമെന്നും കരുതി വീട്ടിൽ സാധനം കുന്ന് കൂട്ടിയവർക്ക് തെറ്റി ഇന്നും കേരളത്തിൽ ആവശ്യസാധനങ്ങൾ സുലഭമായി ലഭ്യമാണ്.

മൂന്നാം ഘട്ടത്തിൽ രോഗം സംസ്ഥാനത്തിനുള്ളിൽ നിയന്ത്രണ വിധേയമായി കഴിഞ്ഞാൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് അവർ ആഗ്രഹിക്കുന്നുവെങ്കിൽ നാട്ടിൽ വരാൻ അനുവദിക്കുമെന്നും ചികിത്സ ഉറപ്പാക്കുമെന്നും ആരെയും ഉപേക്ഷിക്കുകയില്ലായെന്നും മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നു. ഒരു വ്യവസ്ഥ മാത്രം സർക്കാർ പറയുന്ന നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കണം. ഇതാണ് യഥാർത്ഥ കരുതലും സംരക്ഷണവും കേരള സർക്കാരിനും ആരോഗ്യവകുപ്പിനും ഒരു ബിഗ് സല്യൂട്ട്.