India National

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 169 ആയി

18 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 47 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍.

രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 169 ആയി. മഹാരാഷ്ട്രയിൽ മാത്രം 47 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. കോവിഡ് വിഷയത്തിൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

18 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. യു.പി, ചണ്ഡീഗഡ്, മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ ഇന്ന് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. റാന്‍ഡം പരിശോധനയില്‍ 826 സാമ്പിളുകളുടെ പരിശോധന നെഗറ്റീവാണെന്ന് ഐ.സി.എം.ആർ അറിയിച്ചു. രാജസ്ഥാനിലും യുപിയിലെ ഗൗതം ബുദ്ധ് നഗറിലും നോയിഡയിലും ജമ്മു കശ്മീരിലെ ആനന്ദ് നാഗിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

റെയിൽവേ 168 സർവീസുകൾ മാർച്ച് 31 വരെ റദ്ദാക്കി. ഐ.സി.എസ്.ഇ, സി.ബി.എസ്.സിയും 10, 12 ക്ലാസുകളിലെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മുംബൈ ഡബ്ബാവാല സർവീസ് മാർച്ച് 31 വരെ നിർത്തിവെച്ചു. കോവിഡ് 19 നിരീക്ഷണത്തിൽ ഇരുന്നയാൾ ഡൽഹി സഫ്ദർജങ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു കോവിഡ് പരിശോധന നേരിട്ട് വിലയിരുത്താനായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർഡൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് നല്ലതെന്ന് കോൺഗ്രസ് നേതാവ് അധിർ രജ്ഞൻ ചൗധരി പറഞ്ഞു. ജനം ഭീതിയിലും ആശങ്കയിലുമാണെന്നും വിദേശത്ത് കുടുങ്ങിയ വിദ്യാർത്ഥികളെ ഉടൻ നാട്ടിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. കോവിഡിനെ മറികടക്കാൻ കേന്ദ്രത്തിന്റെ സഹകരണം ഉറപ്പെന്ന് പ്രധാനമന്ത്രി അറിയിച്ചതായി ഉദ്ധവ് താക്കറെ പറഞ്ഞു.