Kerala

കൊറോണ : എസ്ബിഐ ശാഖ അടച്ചു

പത്തനംതിട്ട : കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് റാന്നിയിലെ എസ്ബിഐ ശാഖ അടച്ചു. റാന്നി തോട്ടമണിലെ എസ്ബിഐ ശാഖയാണ് അടച്ചത്. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തി കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ ദമ്ബതികള്‍ ഈ മാസം മൂന്നിന് എസ്ബിഐ ശാഖയിലെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ശാഖ അടച്ചിടാന്‍ തീരുമാനിച്ചത്.

പത്തനംതിട്ടയില്‍ ഐസൊലേഷനില്‍ കഴിയുന്ന 12 പേരുടെ പരിശോധനഫലങ്ങളാണ് ആരോഗ്യവകുപ്പ് കാത്തിരിക്കുന്നത്. അതേസമയം പത്തനംതിട്ടയില്‍ കൂടുതല്‍ പോസ്റ്റീവ് റിസള്‍ട്ട് വരാന്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭയം വേണ്ടെന്നും, ജാഗ്രത തുടര്‍ന്നാല്‍ മതിയെന്നും ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു.

പത്തനംതിട്ടയില്‍ ചികില്‍സയിലുള്ള കൊറോണ രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും, ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷം ഇല്ലെന്നും കളക്ടര്‍ വ്യക്തമാക്കി. കേരളത്തില്‍ ഇതുവരെ 14 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ടയില്‍ ഏഴുപേരും കോട്ടയത്ത് നാലുപേരും കൊച്ചിയില്‍ മൂന്നുപേരുമാണ് കൊറോണ ബാധിച്ച്‌ ചികില്‍സയിലുള്ളത്.