ഈ അധ്യയന വർഷത്തെ എസ്.എസ്.എല്‍.സി, ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷ ഇന്ന് ആരംഭിക്കും. വിദ്യാഭ്യാസ മേഖലയിൽ മൂന്ന് വകുപ്പുകളും ഏകീകരിച്ചതിന് ശേഷമുള്ള ആദ്യ പൊതു പരീക്ഷയാണിത്. എല്ലാ വിഭാഗങ്ങളിലുമായി 13.74 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വിഭാഗങ്ങളിലും ഒന്നിച്ച് പരീക്ഷ നടക്കുന്നത്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,24,214 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി എഴുതുന്നത്. ഇതിനായി മൂന്നിടത്തുമായി 2945 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. 2009 പരീക്ഷാകേന്ദ്രങ്ങളിലായി 8,91,397 വിദ്യാർഥികൾ ഹയർ സെക്കണ്ടറി പരീക്ഷക്ക് എത്തും. 389 പരീക്ഷാ കേന്ദ്രങ്ങളിലായി 56,381 വിദ്യാർഥികളാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്.
എസ്.എസ്.എല്‍.സി ഹയർ സെക്കന്‍ഡറി പരീക്ഷ മാർച്ച് 26നും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷ 27 നുമാണ് അവസാനിക്കുന്നത്. നിരവധി എതിർപ്പുകളെ മറികടന്നാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഏകീകരണം സാധ്യമാക്കിയത്.പരീക്ഷകളുടെ ഏകീകരണത്തിനും സമയമാറ്റത്തിനും കടുത്ത എതിർപ്പായിരുന്നു ഉയർന്നത്. എന്നാൽ സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു.