നീതി നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരനെന്നെ പേരില്‍ പരപ്പനങ്ങാടി സ്വദേശി സകരിയ ജയിലിനകത്തായിട്ട് ഇന്നേക്ക് പത്ത് വര്‍ഷങ്ങള്‍. ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. തിരൂരിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന സകരിയ സ്ഫോടനത്തിന് ആവശ്യമായ ചിപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്ന ‘വ്യാജ’ കുറ്റം ചുമത്തിയാണ് കര്‍ണാടക പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. 2009 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാമെന്ന ഉറപ്പിലായിരുന്നു പൊലീസ് സകരിയയെ കസ്റ്റഡിയിലെടുക്കുന്നത്. പക്ഷെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് വിളിച്ച കര്‍ണാടക പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതായ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
ഇന്ന് പത്താണ്ട് പിന്നിട്ടിട്ടും ചെയ്ത കുറ്റമെന്താണെന്ന് 29 കാരനായ സകരിയക്കറിയില്ല. സകരിയ നേരത്തേ ജോലി ചെയ്ത തിരൂരിലെ ഇലക്ട്രോണിക് കടയില്‍ വെച്ച് ബോംബ് സ്ഫോടനത്തിന് സഹായകരമായ ചിപ്പ് നിര്‍മിച്ചെന്ന കണ്ടെത്തലിന് ബലമേകാനാണ് കേസില്‍ ഒമ്പതാം പ്രതിയായി സകരിയക്കെതിരെ എന്‍.ഐ.എ സംഘം കുറ്റം ചുമത്തുന്നത്. പതിനെട്ടാം വയസ്സില്‍ കുറ്റമെന്തെന്നറിയാതെ അഴിക്കുള്ളിലായ സകരിയ പൊലീസ്- കോടതി നീതി നിഷേധത്തിന്റെ ജീവിക്കുന്ന ഉദാഹരണമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണിപ്പോഴും. പത്ത് വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ സകരിയക്ക് ഒരുവട്ടം മാത്രമാണ് ജാമ്യം ലഭിച്ചത്, അതും രണ്ട് ദിവസത്തേക്ക്. ജ്യേഷ്ഠന് മുഹമ്മദിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് സകരിയക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് കഴിഞ്ഞ വർഷം സകരിയ വീണ്ടും രണ്ടു ദിവസത്തേക്ക് ജാമ്യത്തിൽ വന്നത് സഹോദരന്റെ മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനായിരുന്നു.
ഇതിനിടയില്‍ സകരിയക്കെതിരെ പൊലീസ് പറഞ്ഞ രണ്ട് സാക്ഷികളും വ്യാജമാണെന്ന് സാക്ഷികള്‍ തന്നെ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. പക്ഷെ വിചാരണ കോടതി ആ വാദങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ല. കേസിലെ ആദ്യ സാക്ഷി നിസാമുദ്ദീന്‍ എന്ന യുവാവാണ്. കര്‍ണ്ണാടക പോലീസ് കന്നടയിലുള്ള ഒരു സ്റ്റേറ്റ്മെന്റ് നിസാമുദ്ദീന്‍ നല്‍കുകയും അതില്‍ തന്നോട് ഒപ്പിടാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെന്ന് നിസാമുദ്ദീന്‍ പറയുന്നു. കന്നട ഭാഷ വശമില്ലാത്തതിനാല്‍ അതെന്താണെന്ന് അന്വേഷിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന പരപ്പനങ്ങാടി എസ്.ഐ ”ഷറഫുദ്ദീന്റെ ഫോണ്‍ ഞാനാണ് ഉപയോഗിക്കുന്നത്’ എന്ന പ്രസ്താവനയാണ് എന്ന് പറയുകയായിരുന്നുവെന്ന് നിസാമുദ്ദീന്‍ പറയുന്നു. അങ്ങനെയാണ് നിസാമുദ്ദീന്‍ ഒപ്പിടുന്നതും കേസിലെ ആദ്യ സാക്ഷിയാകുന്നതും. ഇതെല്ലാം തന്നെ നിസാമുദ്ദീന്‍ വെളിപ്പെടുത്തിയെങ്കിലും കോടതി അംഗീകരിക്കാന്‍ തയ്യാറായില്ല.
രണ്ടാം സാക്ഷിയായി കര്‍ണാടക പൊലീസ് അവതരിപ്പിച്ചത് ഹരിദാസ് എന്നയാളെയായിരുന്നു. സകരിയയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത ഹരിദാസിന്റെ വ്യാജ മൊഴി പൊലീസ് സൃഷ്ടിച്ചതായിരുന്നുവെന്ന് പിന്നീട് ഹരിദാസ് തന്നെ വെളിപ്പെടുത്തിയിരുന്നു. പൊലീസ് റെക്കോര്‍ഡിലെ മൊഴി താന്‍ നല്കിയതല്ല എന്ന് പറഞ്ഞ ഹരിദാസ് കേസന്വേഷണത്തിനിടയില്‍ തന്നോട് സംസാരിക്കുന്നതിനിടെ ചില പ്രാഥമിക വിവരങ്ങള്‍ കര്‍ണാടക പോലീസ് ചോദിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ സൗഹാര്‍ദ്ദത്തോടെ തന്നെയാണ് ജീവിക്കുന്നതെന്ന് എന്നായിരുന്നു അന്ന് പറഞ്ഞതെന്ന് ഹരിദാസ് സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യങ്ങളെല്ലാം പുറത്ത് പറഞ്ഞിട്ടും വ്യാജ കാരണങ്ങളാരോപിച്ച് സകരിയയെ വേട്ടയാടുന്നതന്തിനാണെന്ന് ചോദിക്കുകയാണ് സകരിയയുടെ ഉമ്മ ബിയ്യുമ്മ. നീതിയുടെ പ്രകാശം ഒരു നാള് തന്റെ മകന് മേല്‍ വര്‍ഷിക്കുമെന്ന് തന്നെയാണ് ബിയ്യുമ്മയുടെ വിശ്വാസം. സകരിയയുടെ മോചനത്തിന് വേണ്ടി എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഉമ്മ ബിയ്യുമ്മ ഇന്ന് ചോദിക്കുന്നത്.