ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വരുന്ന ഏഷ്യ കപ്പ് ദുബൈയില്‍ നടക്കുമെന്നും ഇന്ത്യയും പാകിസ്താനും അതില്‍ പങ്കെടുക്കുമെന്നുമാണ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താനിലാണ് ഏഷ്യ കപ്പ് നടക്കുന്നതെങ്കില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
2012-13ല്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് വന്നതാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന അവസാനത്തെ ക്രിക്കറ്റ് മത്സര പരമ്പര. പിന്നീട് ഇരു രാജ്യങ്ങളും ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ മാത്രമേ പരസ്പരം കളിച്ചിട്ടുള്ളൂ. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം കൂടുതല്‍ വഷളായതോടെ കായിക മേഖലയിലെ ബന്ധങ്ങളും നിലക്കുകയായിരുന്നു.
സെപ്തംബറില്‍ പാകിസ്താനിലാണ് ഏഷ്യ കപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ അയക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഏഷ്യ കപ്പ് വേദി ദുബൈയിലേക്ക് മാറ്റിയിരിക്കുകയാണ്.