കൂടത്തായ് കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു. ജയിലില്‍ വെച്ച് കൈ ഞെരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നുള്ള ജോളിയുടെ ചിത്രങ്ങള്‍ മീഡിയ വണിന് ലഭിച്ചു.
ഇന്ന് പുലര്‍ച്ചെ 4. 50 ഓടുകൂടിയാണ് ജോളി ജില്ലാ ജയിലില്‍വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗ്ലാസുപോലുള്ള മൂര്‍ച്ചയുള്ള വസ്തുപയോഗിച്ചാണ് കൈ ഞരമ്പ് മുറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുറിവ് ആഴത്തിലുള്ളതല്ല. മെഡിക്കല്‍ കോളേജ് കാഷ്യാലിറ്റിയിലാണ് ജോളി ഇപ്പോഴുള്ളത്. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു.
പല്ല് കൊണ്ട് കയ്യില്‍ കടിച്ച് മുറിവുണ്ടാക്കിയെന്നാണ് ജോളി നല്കിയ മൊഴി. ജോളിയുടെ മൊഴി വിശ്വസനീയമല്ലെന്ന് ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി. സെല്ലില്‍ നിന്ന് ഇതുവരെ ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.
ജോളി നേരത്തെ തന്നെ ആത്മഹത്യാപ്രവണത കാണിക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചാല്‍ ജോളി ആത്മഹത്യചെയ്യാന്‍ സാധ്യതയുണ്ടെന്ന വാദം ഉയര്‍ത്തിയാണ് പൊലീസ് ജോളിയുടെ ജാമ്യാപേക്ഷയില്‍ എതിര് നിന്നിരുന്നത്. ജയിലില്‍ വെച്ചും നേരത്തെ ജോളി ആത്മഹത്യാപ്രവണത കാണിച്ചിരുന്നു. തുടര്‍ന്ന് ജയിലധികൃതര്‍ ജോളിക്ക് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നിട്ടും കൈ മുറിക്കാനുപയോഗിച്ച വസ്തു എങ്ങനെ ജോളിക്ക് കൈയില്‍ കിട്ടി എന്നതാണ് പൊലീസിനെ കുഴക്കുന്നത്.