കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമ്മ ശരണ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശരണ്യയെ തയ്യില്‍ കടപ്പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു.
ആദ്യവട്ടം കടല്‍ ഭിത്തിക്ക് മുകളില്‍ നിന്നും പാറക്കൂട്ടത്തിലേക്ക് എറിഞ്ഞ കുഞ്ഞ് മരിച്ചില്ലെന്ന് കണ്ടപ്പോള്‍ രണ്ടാം വട്ടവും എടുത്തെറിഞ്ഞെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കി. ശരണ്യ മൂന്ന് മാസം ഗര്‍ഭിണിയായ സമയത്താണ് ഭര്‍ത്താവ് പ്രണവ് വിദേശത്തേക്ക് പോവുന്നത്. ഈ സമയത്താണ് പ്രണവിന്റെ സുഹൃത്ത് കൂടിയായ നിധിനുമായി ശരണ്യ അടുക്കുന്നത്. തുടര്‍ന്ന് ഈ ബന്ധം കൂടുതല്‍ വളര്‍ന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ പ്രണവ് ഈ ബന്ധത്തെ ചൊല്ലി ശരണ്യയുമായി വഴക്കിടുകയും തുടര്‍ന്ന് ശരണ്യ തയ്യിലിലെ സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു.
മൂന്ന് മാസത്തോളം ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല.എന്നാല്‍ കൊലപാതകത്തിന്റെ തലേന്ന് ശരണ്യ പ്രണവിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി. പ്രണവിനൊപ്പം ഉറങ്ങിയ കുഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറക്കമുണര്‍ന്ന് കരഞ്ഞപ്പോള്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ശരണ്യ കുഞ്ഞിന് പാല് കൊടുക്കുകയും ചെയ്തു. പ്രണവ് ഉറങ്ങിയെന്നുറപ്പാക്കിയപ്പോള്‍ കുഞ്ഞിനെയുമെടുത്ത് ശരണ്യ കടല്ക്കരയിലേക്ക് പോയി. തുടര്‍ന്ന് കടല്‍ ഭിത്തിക്ക് മുകളില്‍ നിന്ന് പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ ഉച്ചത്തില്‍ കരഞ്ഞ കുഞ്ഞിനെ എടുത്ത് ഒരു വട്ടം കൂടി പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് തിരികെയെത്തി സുഖമായി കിടന്നുറങ്ങി.
പിറ്റേന്ന് ഭര്‍ത്താവാണ് കുഞ്ഞിനെ കൊന്നതെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവിനെ കേസില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മൊഴിയിലെ വൈരുദ്ധ്യവും ഫോറന്‍സിക് പരിശോധനഫലവും ശരണ്യയുടെ എല്ലാ പദ്ധതികളും പൊളിക്കുകയായിരുന്നു.