മേഘാലയയില്‍ കാണാതായ ഖനി തൊഴിലാളിള്ക്കായുള്ള തെരച്ചില്‍ നിര്‍ത്തിയേക്കുമെന്ന് സൂചന. തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.
മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ കുന്നുകളിലെ ലുംതാരിയില്‍ ഖനനം നടത്തിയിരുന്ന 15 തൊഴിലാളികളാണ് നിയമവിരുദ്ധ കല്‍ക്കരി ഖനികളില്‍ കുടുങ്ങിയത്. ഡിസംബര്‍ 13 മുതല്‍ കാണാതായ ഇവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതു താത്പര്യ ഹരജിയിലാണ് കോടതി ഇന്ന് വിധി പറയുക. തൊട്ടടുത്ത പുഴയിലെ വെള്ളം ഖനികളിലേക്ക് കയറിയതായിരുന്നു അപകടകാരണം.
നേരത്തെ, കേസ് പരിഗണിച്ച കോടതി രക്ഷാപ്രവര്‍ത്തനം തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ പെട്ട രണ്ട് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുത്തു. അതേസമയം ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്ന ആരെയും രക്ഷപ്പെടുത്താനാകില്ലെന്നാണ് വിവരം. ഈയവസരത്തില്‍, ഇന്ന് കേസ് പരിഗണിക്കുന്ന കോടതി രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.