ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരക്രമം പുറത്തുവിട്ടു. മാര്‍ച്ച് 29ന് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്സും തമ്മിലാണ് ഏറ്റുമുട്ടുക. ശനിയാഴ്ച്ച രണ്ടുകളികളുണ്ടാവില്ല. അതേസമയം ഞായറാഴ്ച്ചകളില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ രണ്ട് കളികളുണ്ടാകും.
ശനിയാഴ്ചകളിലെ രണ്ടുകളികള്‍ ഒഴിവാക്കിയതോടെ 44 ദിവങ്ങളില്‍നിന്നും 50 ദിവസമായി ഐ.പി.എല്ലിന്റെ ദൈര്‍ഘ്യം കൂടി. എല്ലാ ദിവസവും രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഞായറാഴ്ച്ചകളില്‍ വൈകീട്ട് നാലിന് ആദ്യം മത്സരവും രാത്രി എട്ടിന് രണ്ടാം മത്സരവും നടക്കും. മെയ് 17ന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. അതേസമയം പിന്നീട് നടക്കുന്ന നോക്കൗട്ട് മത്സരങ്ങളുടെ ക്രമം പ്രഖ്യാപിച്ചിട്ടില്ല.
രാജസ്ഥാന് റോയല്‍സിന് ഇത്തവണ രണ്ട് ഹോം മൈതാനമുണ്ടാകും. ഗുവാഹത്തിയാണ് അവരുടെ പുതിയ ഹോം മൈതാനം. ലോധ കമ്മറ്റി നിര്‍ദ്ദേശപ്രകാരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുശേഷം 11 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഐ.പി.എല്‍ ആരംഭിക്കുക.