ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കൾ പ്രകോപനപരമായ പരാമർശങ്ങൾ ഉപയോഗിച്ചതിനെ വിമർശിച്ച അമിത് ഷായെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രോഗി മരിച്ചതിന് ശേഷം പരിശോധനക്ക് വരുന്ന വിഡ്ഢിയെ പോലെയാണ് അമിത് ഷായെന്ന് മമത പറഞ്ഞു.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലു എന്ന തരത്തിലുള്ള പ്രസംഗങ്ങളും, തെരഞ്ഞെടുപ്പ് ഇന്ത്യ-പാക് മത്സരം പോലയാണ് എന്ന തരത്തിലുള്ള പ്രയോഗങ്ങളും ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതെല്ലാം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായിരിക്കാമെന്ന് ഷാ പറഞ്ഞു.
തങ്ങളോട് യോജിക്കാത്തവരെ വെടിവെക്കാനാണ് ഇന്ന് ചിലർ ആവശ്യപ്പെടുന്നതെന്ന് മമത ബാനർജി പറഞ്ഞു. ജനങ്ങളെ പ്രകോപിപ്പിച്ചതിന് ശേഷം ഇപ്പോഴത് തെറ്റായിരുന്നു എന്ന് പറയുന്നതു കൊണ്ടെന്ത് കാര്യമെന്നും തൃണമൂൽ നേതാവ് പറഞ്ഞു.