India National

പുൽവാമ ഭീകരാക്രമണത്തിന് ഒരു വർഷം

രാജ്യത്തെ ഭീതിയിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം ഉണ്ടായിട്ട് ഒരു വർഷം തികഞ്ഞു. ജമ്മുകാശ്മീരിലെ അവന്തിപുരയിൽ വെച്ച് സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 49 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടു. ആക്രമണത്തിനു പിന്നിൽ ജയ്ഷേ മുഹമ്മദ്‌ എന്ന ഭീകര സംഘടന ആയിരുന്നു.

2019 ഫെബ്രുവരി 14ന് സി.ആർ.പി.എഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് 2500 ഓളം സൈനീകർ 78 ബസുകളിലായി പോവുകയായിരുന്നു. ദേശീയപാത 44 ൽ അവന്തി പുരയ്ക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.

സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കാർ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ 49 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാരടക്കമുള്ളവറായിരുന്നു. ജയ്ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദായിരുന്നു ചാവേർ. 2019 ലോക്സഭാ തിരഞ്ഞടുപ്പിനു തൊട്ട് മുമ്പ് നടന്ന ആക്രമണം രാഷ്ട്രീയമായി ബി.ജെ.പി ഉയർത്തി കാട്ടി. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ സമ്മർദ്ദങ്ങൾക്കിടയിൽ ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിനെ 2019 മേയ് 1ന് ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

പുല്‍വാമയില്‍ നേരത്തെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിങ് ഭീകരരോടൊപ്പം യാത്ര ചെയ്യവെ ജനുവരി 12 നാണ് പിടിയിലായത്. പുല്‍വാമ ആക്രമണത്തില്‍ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.