പുതിയ നിയമം എന്ന മമ്മുട്ടി ചിത്രത്തിലൂടെ വില്ലനായി മലയാള സിനിമയിലെത്തി, പിന്നീട് ആനന്ദം, വിശ്വാസപൂര്‍വം മന്‍സൂര്‍, കൂടെ എന്നീ സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാവാണ് റോഷന് മാത്യൂ. റോഷന് സിനിമാ അഭിനേതാവില്‍ നിന്നും മാറി നാടകവുമായി പ്രേക്ഷകരിലേക്ക് കടന്ന് വന്നിരിക്കുകയാണ് ‘എ വെരി നോര്‍മല്‍ ഫാമിലി’ എന്ന ഡാര്‍ക്ക് കോമഡി നാടകത്തിലൂടെ. റോഷന് മാത്യു സംവിധാനം നിര്‍വഹിച്ച നാടകത്തിന്റെ ആദ്യ അവതരണം തിരുവന്തപുരത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്നിരുന്നു. അതിന് ശേഷമുള്ള രണ്ടാമത്തെ പ്രദര്‍ശനമാണ് വരുന്ന ഒമ്പതിനും പത്തിനും എറണാകുളം കച്ചേരിപടിയിലെ ഫ്രഞ്ച് ടോസ്റ്റില്‍ നടക്കുന്നത്. ഇതിനകം മികച്ച അഭിപ്രായം നേടിയിട്ടുള്ള നാടകം കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ അബ്നോര്‍മ്മലായ ഒരു ഫാമിലിയുടെ കഥ നോര്‍മല്‍ ഫാമിലി എന്ന തലക്കെട്ടില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.
മായാനദിയിലെ ബാവ് രാ മന് ഗാനത്തിലൂടെ പ്രശസ്തയായ ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ ടീനയെ അവതരിപ്പിക്കുന്നത്. കുടുംബത്തിലെ ഏക മകളായ ടീന നഗരത്തില്‍ ജോലി ചെയ്യുകയാണ്. ഈസ്റ്റര്‍ അവധിക്ക് വീട്ടില്‍ വരുന്ന ടീന താന്‍ രണ്ട് വര്‍ഷം മുന്‍പ് വിവാഹം കഴിച്ചതാണെന്നും ഡിവോഴ്സിന് ശ്രമിക്കുകയാണെന്നും പറയുന്നിടത്താണ് നാടകം ആരംഭിക്കുന്നത്. തുടര്‍ന്ന് കുടുംബത്തിലെ മറ്റുള്ളവര്‍ എങ്ങനെയാണ് ടീനയുടെ വെളിപ്പെടുത്തലിനെ അഭിമുഖീകരിക്കുന്നതെന്നും പ്രശ്നത്തിന് പരിഹാരം കാണുന്നതെന്നും ഹാസ്യത്മകമായി അവതരിപ്പിക്കുകയാണ് നാടകത്തിലൂടെ.
നടി കനി കുസ്യുതി, മഹേഷിന്റെ പ്രതികാരം ഫെയിം രാജേഷ് മാധവന്, തരംഗം ഫെയിം ശാന്തി ബാലക്യഷ്ണന്, ടേക്ക് ഓഫ് സിനിമയിലഭിനയിച്ച ദിവ്യ പ്രഭ, സ്ലീപ് ലെസ്ലി യുവേര്‍സ് ഫെയിം ശ്യാം പ്രകാശ്, ആര്.ജെ സഞ്ചയ് മേനോന്, സിദ്ധാര്‍ത്ത് വര്‍മ്മ എന്നിവരാണ് നാടകത്തിലഭിനയിക്കുന്നത്.