ന്യൂസീലന്റില്‍ ആദ്യ ട്വന്റി 20 പരമ്പരജയമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ഇന്ന് ഇന്ത്യ ഇറങ്ങും. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ ആധികാരികമായി ജയിച്ചിരുന്നു. സെഡന്‍ പാര്‍കില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30 മുതലാണ് മത്സരം.
ന്യൂസിലന്റില്‍ ഇന്ത്യ നേരത്തെ രണ്ട് വട്ടം ടി20 പരമ്പരക്കെത്തിയിരുന്നെങ്കിലും തോറ്റു മടങ്ങുകയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച് പരമ്പര സ്വന്തമാക്കിയാല്‍ പുറത്തുള്ള ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കുകൂടി ബാക്കിയുള്ള മത്സരങ്ങളില്‍ അവസരം ലഭിച്ചേക്കും.
രണ്ട് മത്സരങ്ങളിലും ബാറ്റിംങ് നിരയുടെ ഫോമാണ് ഇന്ത്യയുടെ ആത്മവിശ്വാസം. ആദ്യ മത്സരത്തില്‍ 203റണ്‍സ് അടിച്ച കിവീസിനെ രണ്ടാം മത്സരത്തില്‍ 132ല്‍ ഒതുക്കി ബൗളര്‍മാരും കരുത്തുകാട്ടി. ഒരു വശത്ത് റണ്‍ നല്‍കാതെ ബുംറ എറിയുമ്പോള്‍ മറുവശത്ത് മറ്റ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുന്നത് പതിവായിരിക്കുകയാണ്. യുവതാരങ്ങളായ ലോകേഷ് രാഹുലും ശ്രേയസ് അയ്യരും വന്‍ ഫോമിലാണ്.
മൂന്നാം ടി20 ജയിച്ച് പരമ്പരയില്‍ തിരിച്ചുവരികയാകും ന്യൂസിലന്റിന്റെ ലക്ഷ്യം. തുടര്‍ച്ചയായ തോല്‍വികളില്‍ ആത്മവിശ്വാസം കുറഞ്ഞ സംഘത്തെ പോരാളികളാക്കി മാറ്റുകയെന്നതാകും കെവിന്‍ വില്യംസണിന് മേലുള്ള ഏറ്റവും വലിയ ദൗത്യം.