അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ. ബാബുവിനെ എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. അതേസമയം വിജിലൻസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെന്നും തുടർ നടപടി ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ പതിനാറാം തീയതിയാണ് മുൻമന്ത്രി കെ. ബാബുവിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് ശേഖരിച്ചു. പണത്തിന്റെ ക്രയവിക്രയങ്ങൾ സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു.
49 ശതമാനം അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ച് വിജിലൻസ് 2018 ൽ കെ. ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതേസമയം എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് വിജിലൻസ് എഫ് ഐ ആറിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് കെ. ബാബു പറഞ്ഞു. നൂറ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് എഫ്.ഐ.ആർ. എന്നാൽ കോടതിയിൽ കുറ്റപത്രം നൽകിയപ്പോൾ അത് 25 ലക്ഷമായി കുറഞ്ഞെന്നും മുൻ മന്ത്രി കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരെയുണ്ടായ ഗൂഢാലോചനക്ക് പിന്നിലുള്ള മഹാൻ ആരാണെന്ന് എല്ലാവർക്കും അറിയാം. ചെയ്ത കർമങ്ങളുടെ ഫലമാണ് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ. ബാബു പറഞ്ഞു.