സംസ്ഥാനത്ത് സിമന്റിന് വില വര്‍ദ്ധിപ്പിച്ച് കമ്പനികള്‍ നേടുന്നത് കൊള്ള ലാഭമെന്ന് ആരോപണം. നിര്‍മ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന തലത്തില്‍ സംവിധാനമില്ലാത്തതാണ് കമ്പനികള്‍ക്ക് കൊള്ള ലാഭം നേടുന്നതിന് സൌകര്യമാവുന്നത്. പുതിയ വില വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ അയല്‍ സംസ്ഥാനത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഒരു ചാക്ക് സിമന്റിന് നൂറുരൂപയിലധികം വില കൂടും. പ്രമുഖ കമ്പനികളുടെ ഒരു ചാക്ക് സിമന്റിന് രാജ്യത്തെ പ്രധാന നഗരങ്ങളിലെ വിലനിലവാരമാണിത്.
50 കിലോഗ്രാം വരുന്ന ഒരു ചാക്ക് സിമന്റിന്റെ വില ഡിസംബര്‍ മാസം 35 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സിമന്റിന് വില വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയെ തളര്‍ത്തുന്ന തരത്തിലാണ് സിമന്റിന്റെ വില വര്‍ദ്ധനവ്. കൃത്രിമ ക്ഷാമമുണ്ടാക്കി അനിയന്ത്രിത വിലക്കയറ്റം സൃഷ്ടിച്ച് കമ്പനികള്‍ കൊള്ള ലാഭം നേടുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ഒരോ മാസവും കേരളത്തിലെ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നത് 1.6 കോടി സിമന്റ് ചാക്കുകളാണ്. ഇതിലൂടെ പ്രതിമാസം 560 കോടിയിലേറെ രൂപയുടെ സിമന്റ് വ്യാപാരമാണ് നടക്കുന്നത്. വിലക്കയറ്റത്തിലൂടെ കോടിക്കണക്കിന് രൂപയുടെ കൊള്ളലാഭമാണ് സിമന്റ് കമ്പനികള്‍ സംസ്ഥാനത്ത് നിന്നും ഓരോ മാസവും നേടുന്നത്.