Entertainment

റോബോട്ടിനകത്തുണ്ടായിരുന്ന കുഞ്ഞപ്പന്‍ ആന്‍ഡ്രോയിഡല്ല, ഒറിജിനല്‍

മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട അനുഭവമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സിനിമയിലെ സുരാജിന്റെ വൃദ്ധന്‍വേഷവും കുഞ്ഞനായ റോബോട്ടും ഒരേ പോലെ പ്രേക്ഷകരുടെ മനസ്സിലിടം നേടി. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

പക്ഷേ, സിനിമ പുറത്തിറങ്ങിയ ഇടനെ ആരാണീ റോബോര്‍ട്ട്, എവിടുന്നാണ് റോബോട്ടിനെ കൊണ്ടുവന്നത്, ആരാണീ റോബോട്ടിനെ ഉണ്ടാക്കിയത് എന്ന അന്വേഷണത്തിലായിരുന്നു ഓരോ പ്രേക്ഷകനും.. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി രണ്ടുമാസം കഴിഞ്ഞപ്പോള്‍ ആരായിരുന്നു ആ റോബോട്ട് എന്ന സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

കോമഡി പരിപാടികളിലൂടെ പ്രേക്ഷകരുടെ ഓമനയായ സൂരജ് തേലക്കാടാണ് ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി വേഷമിട്ടത്. ടൈറ്റില്‍ കഥാപാത്രമാണെങ്കിലും സ്വന്തം മുഖം കാണിക്കാതെ അഭിനയിച്ച് ഒരു സിനിമ വിജയിപ്പിച്ചിരിക്കുകയാണ് ഈ കലാകാരന്‍. സിനിമയുടെ ആസ്വാദനത്തിന് തടസ്സമാകരുതെന്ന് കരുതിയാണ് ഈ വിവരം ഇതുവരെ പുറത്തുവിടാതിരുന്നത് എന്നും അണിയറ പ്രവര്‍ത്തകര്‍ തുറന്നുപറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അണിയറക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സൂരജിനെ റോബോട്ട് കുഞ്ഞപ്പനാക്കുന്നതിന്റെ മേക്കിംഗ് വീഡിയോയും ഇതിന്റെ കൂടെ പുറത്തുവിട്ടിട്ടുണ്ട്. തുടര്‍ന്ന് നിരവധി പേരാണ് സൂരജിന് അഭിനന്ദനവുമായി രംഗത്തെത്തിയത്.

സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല, ചാര്‍ളി, അമ്പിളി തുടങ്ങിയ സിനിമകളിലും ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തിട്ടുള്ള കലാകാരനാണ് സൂരജ് തേലക്കാട്. സൂരജിനും സുരാജിനുമൊപ്പം സൌബിനും സൈജു കുറുപ്പുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വാര്‍ധക്യത്തില്‍ ബോറടിച്ചിരിക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരന് കൂട്ടായി ഒരു റോബോട്ട് വന്നാല്‍ എങ്ങനെയിരിക്കും എന്നാണ് സിനിമ പറയുന്നത്.