ഛത്തീസ്ഗഡിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തില്‍ പത്ത് മേയർ സ്ഥാനങ്ങളിലും കരുത്ത് തെളിയിച്ച് ഭരണകക്ഷിയായ കോൺഗ്രസ്. 10 മുനിസിപ്പൽ കോർപ്പറേഷനുകൾ, 38 മുനിസിപ്പൽ കൗൺസിലുകൾ, 103 നഗര്‍ പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന 151 സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സമഗ്രാധിപത്യം നേടിയത്. ഡിസംബർ 21 നായിരുന്നു വോട്ടെടുപ്പ്. മൊത്തം 2834 വാർഡുകളിൽ 1283 ലും വിജയിച്ചാണ് കോൺഗ്രസ് കരുത്ത് തെളിയിച്ചത്. 1131 വാർഡുകളിലാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.
പത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ജഗദൽപൂർ, ചിർമിരി, അംബികാപൂർ എന്നിവിടങ്ങളിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. റായ്പൂർ, ബിലാസ്പൂർ, ദുർഗ്, രാജ്‌നന്ദ്‌ഗാവ്, റായ്ഗഡ്, ധംതാരി, കോർബ എന്നീ ഏഴ് ഇടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണയോടെ ആണ് കോൺഗ്രസ് മേയര്‍ സ്ഥാനം പിടിച്ചെടുത്തത്. ഈ ഒമ്പത് കോർപ്പറേഷനുകളിൽ ബി.ജെ.പിയേക്കാൾ കൂടുതൽ വാർഡുകൾ കോൺഗ്രസ് നേടിയിട്ടുണ്ട്. കോൺഗ്രസിന്റെ രാജ്കിഷോർ പ്രസാദിനെയാണ് കോർബ മേയറായി തെരഞ്ഞെടുത്തത്. ബി.ജെ.പിയുടെ റിതു ചൌരസ്യയ്ക്ക് 33 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 36 വോട്ടുകള്‍ നേടിയാണ് രാജ്കിഷോര്‍ വിജയിച്ചത്. 2014 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും നാല് കോർപ്പറേഷനുകൾ വീതം മേയർ സീറ്റുകള്‍ നേടിയപ്പോള്‍, രണ്ടിടത്ത് സ്വതന്ത്രരായിരുന്നു വെന്നിക്കൊടി പാറിച്ചത്.