യുദ്ധസാഹചര്യം നീങ്ങിയെങ്കിലും പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല. ഇറാഖിലെ ബലദ് സൈനിക താവളത്തിൽ ഇന്നലെ രാത്രിയും മിസൈൽ പതിച്ചത് ആശങ്ക വർധിപ്പിച്ചു. ബുധനാഴ്ച നടത്തിയ നീക്കം തിരിച്ചടിയുടെ തുടക്കം മാത്രമാണെന്നാണ് ഇറാൻ മിസൈൽ കമാൻഡർ ആമീർ അലി ഹാജിസാദെ നൽകിയ മുന്നറിയിപ്പ്. സ്ഥിതിഗതികൾ സങ്കീർണമാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളും ആവശ്യപ്പെട്ടു.
ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. യു.എസ് സൈനികരെയല്ല, സൈനിക സംവിധാനങ്ങളെയാണ് ലക്ഷ്യമിടുകയെന്നും ഇറാൻ വ്യോമ കമാൻഡർ ബ്രിഗേഡിയർ ജനറൽ ആമിർ അലി ഹാജിസാദെ അറിയിച്ചു. തീരുമാനിച്ചാൽ നൂറുകണക്കിന് അമേരിക്കൻ സൈനികരെ കൊന്നൊടുക്കാൻ ഇറാൻ മിസൈലുകൾക്ക് എളുപ്പമാണെന്നും കമാൻഡർ അറിയിച്ചു. നയതന്ത്ര നീക്കങ്ങൾക്ക് ഇറാൻ വിദേശകാര്യ മന്ത്രാലയം ഊന്നൽ നൽകുന്ന സമയത്തു തന്നെയാണ് പ്രകോപനപരമായ പ്രസ്താവനകൾ സൈനിക നേതൃത്വം കൈക്കൊള്ളുന്നത്. പശ്ചിമേഷ്യയിലെ എല്ലാ യു.എസ് സൈനിക കേന്ദ്രങ്ങൾക്കെതിരെയും സമാന സ്വഭാവത്തിലുള്ള ആക്രമണം നടത്താനുള്ള മിസൈലുകൾ സജ്ജമാണെന്നും കമാൻഡർ വ്യക്തമാക്കി.
ഇന്നലെ രാത്രി ഇറാഖിലെ ബലദ് സൈനിക താവളത്തിനു സമീപം മിസൈൽ പതിച്ചെങ്കിലും ആളപായമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നിരുപാധിക ചർച്ചക്ക് തയാറാണെന്ന യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർഥന തള്ളിയ ഇറാൻ നടപടി ശരിയായില്ലെന്ന അഭിപ്രായമാണ് മിക്ക ഗൾഫ് രാജ്യങ്ങൾക്കും. ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈൽ പദ്ധതി എന്നിവ സംബന്ധിച്ച് ഇറാൻ നയം പുന:പരിശോധിക്കണമെന്ന ആവശ്യവും ഗൾഫ് രാജ്യങ്ങൾക്കുണ്ട്. സ്ഥിതിഗതികൾ വഷളാക്കാൻ ആരും തയാറാകരുതെന്നും ജി.സി.സി രാജ്യങ്ങൾ ആവശ്യപ്പെട്ടു.
അതിനിടെ ഇറാനു മേലുള്ള കൂടുതൽ കടുത്ത ഉപരോധം പ്രാബല്യത്തിൽ വന്നതായി യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.