India National

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്

തെരഞ്ഞെടുപ്പ് ഉന്നമിട്ട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. കര്‍ഷകര്‍ക്ക് മിനിമം വരുമാനവും ആദായ നികുതി ഇളവും ഉള്‍പ്പെടെ ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ നിറഞ്ഞതാണ് ബജറ്റ്.

അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിച്ച പോലെ അനവധി വാഗ്ദാനങ്ങള്‍. പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിക്കും. ഇതിനായി 75,000 കോടി നീക്കിവെച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3,000 രൂപ പെന്‍ഷനാണ് മറ്റൊരു വമ്പന്‍ പ്രഖ്യാപനം. 10 കോടി തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കും.

പട്ടിക ജാതി പട്ടിക വര്‍ഗങ്ങളുടെ ബജറ്റ് 35 ശതമാനം വിഹിതം ഉയര്‍ത്തി 78,600 കോടിയാക്കി. ഉജ്ജ്വല പദ്ധതിയില്‍ പെടുത്തി എട്ട് കോടി പാചക വാതക കണക്ഷന്‍, റോഡ് വികസനത്തിന് 19000 കോടിയും അനുവദിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 60,000 കോടി. 64,587 കോടിയാണ് റയില്‍വേ വിഹിതം.

പ്രതിരോധ മേഖലക്കുള്ള വിഹിതം മൂന്ന് ലക്ഷം കോടിയായി വര്‍ധിപ്പിച്ചു. അതിര്‍ത്തി സംരക്ഷണത്തിനുള്‍പ്പെടെ ആവശ്യമെങ്കില്‍ വിഹിതം വര്‍ധിപ്പിക്കും. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാന്‍ 35000 കോടി നീക്കിവെച്ചു.

മേക്ക് ഇന്‍ ഇന്ത്യയില്‍ പെടുത്തി വന്ദേഭാരത് എന്ന അതിവേഗ ട്രയിന്‍ പുറത്തിറക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ രൂപീകരിക്കും. അടിസ്ഥാന സൗകര്യ വികസനം, മലിനീകരണം കുറക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍, ശുദ്ധമായ നദിജലം, കുടിവെള്ളം, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കല്‍ തുടങ്ങി 2030 ലേക്ക് 10 പ്രധാന വികസന ലക്ഷ്യങ്ങളും ധനമന്ത്രി മുന്നോട്ടുവെക്കുന്നു. 2019-20 വര്‍ഷത്തേക്ക് 3.4 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്.