പി.എസ്.സി പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികളെ തിരിച്ചറിയാന്‍ ബയോമെട്രിക് പരിശോധന കൊണ്ടുവരുന്നു. ആദ്യഘട്ടമായി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളിലാണ് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധന നടത്തുക.
ഉദ്യോഗാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ബയോമെട്രിക് പരിശോധനക്ക് വിധേയമാക്കാനാണ് പി.എസ്.സി തീരുമാനം. ഉദ്യോഗാര്‍ഥിയുടെ വിരലടയാളം, കണ്ണിന്റെ ഐറിസ് എന്നിവ ആധാര്‍ വിവരങ്ങളുമായി ഒത്തുനോക്കിയാകും തിരിച്ചറിയല്‍. നേരത്തെ ഏതെങ്കിലും തിരിച്ചറിയില്‍ കാര്‍ഡ് മതിയായിരുന്നിടത്താണ് ബയോ മെട്രിക് തിരിച്ചറിയലിലേക്കുള്ള മാറ്റം. ആദ്യഘട്ടമായി ഓണ്‍ലൈന്‍ പരീക്ഷകളിലാണ് ഇത് നടപ്പാക്കുന്നത്.
പി.എസ്.സിയുടെ ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളില്‍ മാര്‍ച്ച് 15ന് ശേഷം നടക്കുന്ന പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിലവില്‍ വരും. ഘട്ടംഘട്ടമായി മറ്റ് പരീക്ഷകള്‍ക്കും ബാധകമാക്കും. നിലവില്‍ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് സമയത്ത് ബയോമെട്രിക് പരിശോധനക്ക് പി.എസ്.സി തുടക്കമിട്ടിട്ടുണ്ട്.