ഗവര്‍ണറുടെ എം.ജി സര്‍വ്വകലാശാല സന്ദര്‍ശനത്തിനിടെ ഗവേഷക വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണം. ഗവേഷണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന കാര്യം ഗവര്‍ണര്‍ അറിയാതിരിക്കാന്‍ വേണ്ടി വി.സിയും പൊലീസും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് ദീപ പി. മോഹന്‍ പറഞ്ഞു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് ദീപയുടെ തീരുമാനം.
2014ല്‍ ഗവേഷണം തുടങ്ങിയ കണ്ണൂര്‍ സ്വദേശിനിയായ ദീപ പി. മോഹന്‍ ഇതുവരെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ലാബില്‍ പോലും കയറാന്‍ അനുമതി നല്‍കുന്നില്ലെന്ന വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. നാനോ ടെക്നോളജി വിഭാഗം ഡയറക്ടര്‍ നന്ദകുമാറും വി.സി സാബു തോമസ് ജാതിവിവേചനം കാണിക്കുന്നുവെന്ന് കാട്ടി നിരവധി പരാതികളും നല്കി. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. ഈ പരാതികള്‍ ഗവര്‍ണര്‍ക്ക് മുമ്പില്‍ എത്താതിരിക്കാന്‍ വി.സി പൊലീസിനെ ഉപയോഗിച്ചുവെന്നാണ് ദീപ പറയുന്നത്.






